ചെര്‍ക്കള ബേര്‍ക്ക ചാമ്പലത്തെ വീട്ടില്‍നിന്ന് 30 പവന് കവര്‍ന്നു
ചെര്‍ക്കള : വീട്ടില്‍നിന്ന് 30 പവനും 2150 രൂപയും മോഷ്ടിച്ചതായി പരാതി. ബേര്‍ക്ക ചാന്പലത്തെ യൂസഫ് മുഹമ്മദിന്റെ വീട്ടില്‍നിന്നാണ് അഞ്ച് വളകള്‍, മൂന്ന് മാല, രണ്ട് മോതിരം ഉള്‍പ്പെടെയുള്ളവ നഷ്ടമായത്. കിടപ്പുമുറിയില്‍ മേശമുകളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പാന്റിന്റെ കീശയിലുണ്ടായിരുന്ന 2150 രൂപയുമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നതായി വീട്ടുകാര്‍ പറഞ്ഞു. യൂസഫും ഭാര്യയും മകള്‍ അഫ്റയും മകന് മുഹമ്മദുമാണ് വീട്ടിലുണ്ടായിരുന്നത്.
രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ മൂത്ത മകള്‍ ഫംനയ്ക്ക് വിവാഹത്തിന് നല്‍കിയിരുന്ന ആഭരണമാണ് നഷ്ടമായതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഗ്രില്ലിലൂടെ ഓടാമ്പല്‍ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് കരുതുന്നത്. വീടിന്റെ സമീപത്തുനിന്ന് മുളവടി കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് വീട്ടുകാര്‍ കിടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് നിസ്കാരത്തിനായി എഴുന്നേറ്റപ്പോള്‍ മേശമുകളില്‍ വെച്ചിരുന്ന ബാഗ് കണ്ടിരുന്നെന്ന് ഫരീദ പറയുന്നു. വീടിന്റെ പിറകുഭാഗത്തുനിന്ന് അടുക്കളയിലേക്കുള്ള വാതില്‍ തുറന്നനിലയിലായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലെ കട്ടിലില്‍ സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ബാഗ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
ഗള്‍ഫിലായിരുന്ന യൂസഫ് മുഹമ്മദ് കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ച് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
മകള്‍ ഫംനയുടെ ഭര്‍ത്താവ് ചാമ്പലത്തെ ഷൗക്കത്ത് അടുത്ത കാലത്താണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന ഫംന രണ്ടുദിവസം മുമ്പ് വീട്ടലെത്തിയപ്പോഴാണ് ആഭരണങ്ങള്‍ ഇവിടെ വെച്ചത്. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വീട്ടിലെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പോലീസ് നായയും പരിശോധന നടത്താനെത്തിയിരുന്നു.