സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു
ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനില്‍ നില്ക്കുമ്പോള് വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിലത്തുവീണ വിവേകിനെ ഉടന്‍തന്നെ ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സിനിമയുടെ സംവിധായകന് ശങ്കര്‍, സംഘട്ടന സംവിധായകന് വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണിത്. 2016-ല്‍ ‘മസ്തിഗുഡി’ എന്ന സിനിമയ്ക്ക് വേണ്ടി ഹെലികോപ്റ്ററില്‍നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് താരങ്ങള്‍ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ മുങ്ങിമരിച്ചിരുന്നു.