പെരിയ ഇരട്ട കൊലപാത കേസ് പ്രതിയുടെ ബൈക്ക് സ്റ്റേഷനില്‍ നിന്ന് കാണാതായി
ബേക്കല്‍:പെരിയ ഇരട്ട കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ബൈക്ക് സ്റ്റേഷനില്‍ നിന്ന് കാണാതായി. എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച ബൈക്കാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായത്.
ബൈക്ക് കാണാതായെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. കെഎല്‍ 60 എല്‍ 5730 ഹോണ്ട മോട്ടോര്‍ സൈക്കിളാണ് കാണാതായത്.
കസ്റ്റഡിയിലെടുത്ത മോട്ടോര്‍ സൈക്കിള്‍ കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയതായി ബേക്കല്‍ പൊലീസ് പറയുന്നു. എന്നാല്‍, ബേക്കല്‍ പൊലീസിന്റെ സുരക്ഷ കസ്റ്റഡിയില്‍ കോടതി, ബൈക്ക് നല്‍കിയതായാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
2019 മേയ് 17ന് വെളുത്തോളിയില്‍നിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെടുത്തിട്ടുള്ളത്.
കോടതിയില്‍ അപേക്ഷ നല്കി ഈ വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഫൊറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തയാറെടുത്തിരിക്കെയാണ് എട്ടാംപ്രതിയുടെ ബൈക്ക് കാണാതായത്.