കാസർകോട്: കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസമൊരുക്കുന്ന നാട്ടുകാര്‍,
വേദികളിലേക്ക് മത്സരാര്‍ഥികളെ സൗജന്യമായി എത്തിക്കാന്‍ വാഹനം വിട്ടു നല്കിയവര്,
കലോത്സവത്തിനെത്തുന്നവര്‍ക്ക് വയര്‍ നിറച്ച് ഭക്ഷണം വിളമ്പാന്‍ ഭക്ഷണപുരയില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍,… കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഓട്ടത്തിലാണ് കാസര്‍കോട്ടുകാര്‍… അറിയാം കാഞ്ഞങ്ങാട്ടെ കലോത്സവ വിശേഷങ്ങള്‍..
ഇന്നു മുതല്‍ കാണാം കാസര്‍കോടന്‍ സ്റ്റൈല്‍
കലോത്സവം
കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസമൊരുക്കുന്ന നാട്ടുകാര്‍,
വേദികളിലേക്ക് മത്സരാര്‍ഥികളെ സൗജന്യമായി എത്തിക്കാന്‍ വാഹനം വിട്ടു നല്കിയവര്,
കലോത്സവത്തിനെത്തുന്നവര്‍ക്ക് വയര്‍ നിറച്ച് ഭക്ഷണം വിളമ്പാന്‍ ഭക്ഷണപുരയില്‍ ഭക്ഷണം തയ്യാറാക്കുന്നവര്‍,… കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഓട്ടത്തിലാണ് കാസര്‍കോട്ടുകാര്‍… അറിയാം കാഞ്ഞങ്ങാട്ടെ കലോത്സവ വിശേഷങ്ങള്‍..
ചരിത്ര സംഭവമാകാനൊരുങ്ങി കാസര്‍കോട്ടെ കേരള സ്കൂള്‍
കലോത്സം:റവന്യു മന്ത്രി
അറുപത് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന കേരള സ്കൂള്‍ കലോത്സവം 28 വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട്ടെത്തുമ്പോള്‍ അത് വലിയൊരു ചരിത്ര സംഭവമാകുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കേരള സ്കൂള്‍ കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള നാലു ദിവസങ്ങള്‍ കാഞ്ഞങ്ങാട് നഗരവും പരിസര പ്രദേശങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന 21 സബ് കമ്മിറ്റികള്‍, കാഞ്ഞങ്ങാട്, നീലേശ്വരം കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്മാന്മാരുടെയും നാട്ടുകാരുടെയും സേവനം ഏടുത്തു പറയേണ്ടതാണ്. 28 മത്സര വേദികളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ ,കേരളത്തിന്റെ കലാ ഉത്സവം ആഘോഷമായി തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വഴി കാട്ടാന്‍ ‘ഹലോ കലോത്സവം’
കേരള സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ടെത്തുന്നവര്ക്ക് വഴി കാട്ടിയായി ‘ഹലോ കലോത്സവം’ കൈപ്പുസ്തകവും ഉണ്ടാകും. വേദികളുടെ പേരുകള്‍ വേദികളിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍, കലോത്സവത്തിലെ വിവിധ കമ്മിറ്റികളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍, താമസിക്കാനുള്ള ഹോട്ടലുകള്‍, പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇങ്ങനെ തുടങ്ങി കാസര്‍കോട്ടെത്തുന്ന കലോത്സവ പ്രതിഭകള്‍ക്ക് കൂടെക്കരുതാന്‍ ‘ഹലോ കലോത്സവം’ കൈപ്പുസ്തകം ഉണ്ടാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് സഹായമായി ‘ഹലോ കലോത്സവം’ തയ്യാറാക്കിയിരിക്കുന്നത്.’ഹലോ കലോത്സവം’ കൈപ്പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 28 ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ ജീവന് ബാബു നിര്‍വ്വഹിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എക്സിബിഷന് സന്ദര്‍ശിക്കാം
ഒരു ചോദ്യം ഒരു ഉത്തരം, കലോത്സവ ദിനങ്ങളില്‍ കൈനിറയെ സമ്മാനം
കലോത്സവ നഗരിയിലെ വേദികളില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് അലാമിപ്പള്ളി ബസ് സ്റ്റാന്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ എക്സിബിഷന് സ്റ്റാളിലേക്ക് കടന്നുവന്നാല്‍ രണ്ടുണ്ട് കാര്യം- സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുഴുവന്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം, പിന്നെ ഓരോ ദിവസവും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം നല്കിയാല് പിറ്റേന്ന് സമ്മാനവും നിങ്ങളെത്തേടിയെത്തും. കേരള സ്കൂള്‍ കലോത്സവത്തോടനു ബന്ധിച്ച് നവംബര്‍ 28 ഡിസംബര്‍ ഒന്നു വരെയാണ് എക്സിബിഷന് നടക്കുക.
ഐങ്ങോത്ത് ഇന്ന് ഉദ്ഘാടനം
മഹാകവി കുട്ടമത്തിന്റെ ചെറുമകന് കെ വി മണികണ്ഠ ദാസിന്റെ വരികളോടെയാണ് ജില്ലയിലെത്തുന്ന കലോത്സവ പ്രതിഭകളെ സ്വാഗതം ചെയ്യുന്നത്.കാസര്‍കോടിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും ഒത്തുചേര്‍ന്ന സ്വാഗതഗാനത്തിലുണ്ട് കോസര്കോടിന്റെ സ്നേഹം മുഴുവന്‍. നവംബര്‍ 28 ന്സ്പീക്കര് പി ശ്രീരാമകൃഷ്ണന് കലോത്സവം ഉദ്ഘാടനം ചെയ്യും.റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്ര നാഥ് മുഖ്യപ്രഭാഷണം നടത്തും.
പാലു കാച്ചി, സബര്‍മതിയില്‍ ഭക്ഷണം തയ്യാര്‍
സബര്മതിയെന്നു കേട്ട് അതിശയിക്കേണ്ട.ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് സബര്മതിയെന്നാണ് ഭക്ഷണശാലയ്ക്ക് പേരിട്ടിരിക്കുന്നത്.ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാന സ്കൂള്‍ കലോത്സവം ജില്ലയിലെത്തുമ്പോള്‍ വിരുെത്തു അഥികള്‍ക്ക് വയറും മനസ്സും നിറച്ച് സ്നേഹം വിളമ്പാന്‍ കയ്യും മെയ്യും മറുള്ള ഓട്ടത്തിലാണ് ഭക്ഷണകമ്മിറ്റി ഒന്നടങ്കം.ഒമ്പത് കൂട്ടം കറികളും പായസവും വാഴയിലയില്‍ വിളമ്പിയാണ് ഭക്ഷണ കമ്മിറ്റി കലാപ്രതിഭകളെ വരവേല്‍ക്കുന്നത്. കൊവ്വല്‍പള്ളിയില്‍ തയ്യാറാക്കിയിട്ടുള്ള ഭക്ഷണ പന്തലില്‍ ഇരുപതോളം കൗണ്ടറുകളിലായാണ് ഭക്ഷണം വിളമ്പുക. കലയുടെ മേളത്തില്‍ രുചിയുടെ കൊഴുപ്പേകുന്നത് പാചക കലയുടെ കുലപതിയായ പഴയിടം മോഹനന് നമ്പൂതിരിയാണ്. സദ്യക്കൊപ്പം കാസര്‍കോടിന്റെ രുചിയില്‍ പ്രത്യേക ഇനങ്ങള്‍ കൂടിയുണ്ടാകും കലോത്സവ പാചകപ്പുരയില്‍.
ഭക്ഷണ സമയം മറക്കല്ലേ
പ്രഭാത ഭക്ഷണം രാവിലെ ഏഴു മണി – 9.30
ഉച്ച ഭക്ഷണം 11.30 – 2.30
നാലുമണിപലഹാരം: നാല്- 5.30
അത്താഴം: 7.30- 9.30
രാജാ റോഡില്‍ വഴിയോരക്കച്ചടവും പാര്‍ക്കിങും പാടില്ല
കേരള സ്കൂള്‍ കലോത്സവത്തോടനനുബന്ധിച്ച് ഇന്നു മുതല്‍ (നവംബര്‍ 28) ഡിസംബര്‍ ഒന്നു വരെ നീലേശ്വരം രാജാ റോഡില്‍ മാര്‍ക്കറ്റു മുതല്‍ കോണ്‍വെന്റ് ജങ്ഷന് വരെയും, കലോത്സവ വേദിയ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടിലും വഴിയോരക്കച്ചവടവും ഭക്ഷ്യ സ്റ്റാളുകളും പാര്‍ക്കിങുകളും നിരോധിച്ചു. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷന് കോമ്പൗണ്ടിനകത്ത് പടിഞ്ഞാറു ഭാഗത്തും,കിഴക്ക് വശത്ത് എഫ് സി ഐ ഗോഡൗണിന് സമീപത്തും ,ഓവര്‍ ബ്രിഡ്ജിന് സമീപത്തും കോട്ടമ്പുറത്തും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
കലോത്സവ നഗരിയിലേക്ക് ഓലക്കുട്ടകള്‍
ഒരുക്കി മടിക്കൈ ഗ്രാമം
കലോത്സവ മാമാങ്കത്തിന് കേളി കൊട്ടുണരുന്ന കാഞ്ഞങ്ങാടില്‍ യുവജനോത്സവ വേദികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഓലക്കുട്ടകള്‍ തയ്യാറാക്കി മടിക്കൈ ഗ്രാമ പഞ്ചായത്ത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിക്കാന്‍ സാധിക്കുന്ന ഓലക്കുട്ടകള്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന് കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ .കെ. വിജയന് കൈമാറി. ഓല കൊണ്ട് നിര്‍മ്മിച്ച 300 കുട്ടകളാണ് കലോത്സവ നഗരിയിലേക്ക് കൈമാറിയത്. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദു റഹ്മാന്,ശശീന്ദ്രന് മടിക്കൈ, എന്നിവരും ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.
ഹരിതാഭമായി വേദികള്‍
പൂര്‍ണ്ണമായി പ്രകൃതിക്കിണങ്ങുന്ന കലോത്സവമാണ് നമ്മടെ കാഞ്ഞങ്ങാട്ടെ കേരള സ്കൂള്‍ കലോത്സവം. ഗ്രീന്‍ പ്രോട്ടോക്കോള്‍ ശക്തമായി നടപ്പിലാക്കുന്നതിനാല്‍ പ്ലാസ്റ്റിക്കിനും ഫ്ലക്സിനുമെല്ലാം കര്‍ശന നിരോധനമാണിവിടെ. കലോത്സവത്തിനായി 3000 തുണി സഞ്ചികള്‍ കുടുംബശ്രീക്കാര് തയ്യാറാക്കി കഴിഞ്ഞു. വിധി നിര്‍ണ്ണയത്തിനായി ജില്ലാ ജയിലില്‍ നിന്ന് പേപ്പര്‍ പേനകളും എത്തിക്കഴിഞ്ഞു. മടിക്കൈ പഞ്ചായത്തില്‍ നിന്ന്
ഓലക്കൊട്ടകളും കലോത്സവ നഗരിയിലേക്കെത്തി.
കലോത്സവത്തിനൊപ്പൊം ഭാവിയെക്കുറിച്ച് കൂടി ചിന്തിക്കാം
ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം ‘ദിശ’ ബല്ല ഈസ്റ്റ് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി
ഭരതനാട്യവും കേരളനടനവും യക്ഷഗാനവും നാടകവും ഓട്ടന്തുള്ളലും പദ്യവും ലഭിതഗാനവുമൊക്കെയായി കേരള സ്കൂള്‍ കലോത്സവ വേദികള്‍ ഉണരുന്ന ദിനങ്ങളില്‍ ഭാവിയിലേക്കുള്ള കരുതലിനായി ‘ദിശ’ യുമുണ്ടാകും. കലോത്സവ വേദികളില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് കാഞ്ഞങ്ങാട് ബെല്ല ഈസ്റ്റ് ഗവ യര്‍സെക്കന്‍ഡറി സ്കൂളിലേക്ക് പോന്നോളു, പ്ലസ്ടു പഠനത്തിന് ശേഷം ആരായിത്തീരണമെന്ന് തിരുമാനമെടുത്ത് മടങ്ങാം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനമായ ദിശ ബെല്ല ഈസ്റ്റ് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നു വരെയാണ് എക്സിബിഷന് നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിവിധ കോഴ്സുകളെ പരിചയപ്പെടാനും സ്ഥാപനങ്ങളുമായി നേരിട്ട് സംവധിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കും.രാജ്യത്തുള്ള ഉന്നത സര്‍വ്വകലാശാലകളുടെയും വിദ്യാഭാസസ്ഥാപനങ്ങളുടേതുമടക്കം 60 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
കേരള കലാമണ്ഡലം, സിഎസ് കോഴ്സുകള്‍, അലിഗഡ്, നേവി, ഹിയര്‍ ആന്റ് സ്പീച്ച്, വിഷ്യല്‍ മീഡിയ കോഴ്സുകള്‍, സയന്‍സ് റിസര്‍ച്ച് സെന്റര്‍, മലയാളം സര്‍വ്വകലാശാല, ഹോട്ടല്‍ മാനേജ്മെന്റ്, കുസാറ്റ്, കാലിക്കറ്റ് സര്‍വ്വകലാശാല, എന്‍ ഐ ടി, എന്‍ ഐ എഫ് ടി, ലീഗല്‍ സ്റ്റഡി, കാര്‍ഷികസര്‍വ്വകലാശാല, ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, വെറ്റിനറി സര്‍വ്വകലാശാല, ഏഷ്യയിലെത്തന്നെ ഒന്ന് മാത്രമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് സയന്‍സ് ആന്റ് ടെക്നോളജി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സിബിഷനിലുള്ളത്.
ബെല്ല സ്കൂളില്‍ 65 സ്റ്റാളുകളായി സജ്ജീകരിച്ച ശീതീകരിച്ച പ്രദര്‍ശന ശാലയുടെ സമയക്രമീകരണം- രാവിലെ 9.30 – 11 , 11-12.30 , 12.30-2, 2-3.30, 3.30- 5 എന്നിങ്ങനെയുള്ള അഞ്ച് പീരിയഡുകളാക്കി ക്രമീകരിച്ചിട്ടുണ്ട്. ഓരോ പീരിയഡിലും രജിസ്റ്റര്‍ ചെയത 650 പേര്‍ക്കാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുക.
നീലേശ്വരത്ത് നഗരസഭയുടെ ഹെല്പ് ഡെസ്ക്
കേരള സ്കൂള്‍ കലോത്സസവത്തിന്റെ ഭാഗമായി നീലേശ്വരത്ത് നഗരസഭയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് രാജാസ് സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമായി. കലോത്സവത്തിന്റെ വിവിധ വേദികളുടെ വിശദാംശങ്ങള്‍, നീലേശ്വരത്തെ പാര്‍ക്കിംഗ് സൗകര്യം, റെയില്‍വേ, ബസ് സമയക്രമങ്ങള്‍ തുടങ്ങി കലോത്സവം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഹെല്പ് ഡെസ്കില്‍ ലഭ്യമാണ്. ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭാ ഓഫീസിലെ ജീവനക്കാരാണ് ഹെല്പ് ഡെസ്കിന്റെ ചുമതല വഹിക്കുന്നത്.
വിദ്യാലയങ്ങള്‍ക്ക് അവധി
കേരള സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നവംബര്‍ 28 – 30 വരെ ഹോസ്ദുര്‍ഗ് യു.ബി.എം.സി എ എല്‍ പി എസ്, പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസ്. , ജി.എഫ്.എച്ച്.എസ്.എസ് മറാക്കാപ്പ് കടപ്പുറം,കാഞ്ഞങ്ങാട് പി.പി.ടി.എസ് എ എല്‍ പി എസ് ,കാഞ്ഞങ്ങാട് അതിയാമ്പൂര് ചിന്മയ വിദ്യാലയം ,കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂള്‍ ,പടന്നക്കാട് ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം,മണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം ,പടന്നക്കാട് സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,കണിചിറ മര്ക്കാസ്ദഅ്വത്തില് ഇസ്ലാമിയ യു.പി. സ്കൂള്‍, ബേക്കല്‍ ചിത്താരി എച്ച് ഐ എ.യു.പി സ്കൂള്‍ ,കുശാല്‍നഗര്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,അജാനൂര്ക്രെസന്റ് ഇംഗ്ലീഷ് മീഡിയം ,പള്ളിക്കര ഐ.ഇ.എം. എച്ച്.എസ്.എസ് ,സദ്ഗുരു പബ്ലിക്ക് സ്കൂള്‍, നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി സ്കൂള്‍ ,പള്ളിക്കരഡിവൈന് പ്രോവിഡന്‍സ്, ഉദുമ ഗ്രീന്‍വുഡ്സ് പബ്ലിക്ക് സ്കൂള്‍,ഹോസ്ദുര്ഗ്ജി.എച്ച്.എസ്.എസ്, നീലേശ്വരം സി എച്ച് എം.കെ.എസ് കോട്ടപ്പുറം,കാഞ്ഞങ്ങാട്ജി.വി.എച്ച്.എസ്.എസ് ,നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന് മെമ്മോറിയല്‍ യു.പി.എസ് നീലേശ്വരം എന്നീ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു അവധി പ്രഖ്യാപിച്ചു.
നവംബര്‍ 28 ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്കും നവംബര്‍ 29 ന് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ ജീവന് ബാബു അവധി പ്രഖ്യാപിച്ചു.
കലാ നഗരിയില്‍ വണ്ടിയിറങ്ങിറങ്ങുന്നവരെ കരുതലോടെ കാത്തിരിക്കും; കലോത്സവ ബസുകള്‍
ജില്ലയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അറുപത് ബസുകള്‍ സര്‍വ്വീസ് നടത്തും
കലോത്സവം, ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി സജീവമായി രംഗത്തെത്തി. ജില്ലയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അറുപത് ബസുകള്‍ സര്‍വ്വീസ് നടത്തും. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ കലാ നഗരിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടാനുള്ള വാട്സ് ആപ്പ് സംവിധാനം നിലവില്‍ വന്നു. വിവധ ജില്ലകളിലെ കണ്‍വീണര്‍മാര്‍ വഴി കുട്ടികളിലേക്ക് കലോത്സവ നഗരിയിലേക്കുള്ള വാട്സ് ആപ്പ് സൗകര്യം എത്തിക്കഴിഞ്ഞു.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കോ-ഓഡിനേറ്റര്‍മാരെ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് സേവനം ആവശ്യപ്പെട്ടതായി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കലാ നഗരിയില്‍ വണ്ടിയിറങ്ങുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേദികളിലേക്ക് എത്താനും, അവര്‍ക്കായി സജ്ജീകരിച്ച വിശ്രമ മുറികളിലേക്ക് എത്തിച്ചേരാനും എത്തിക്കാന്‍ ബസ് സൗകര്യം ഉപയോഗപ്പെടുത്താം. വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചരിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി അന്‍പത് ബസുകള്‍ സൗജന്യ സേവനം ചെയ്യും. ഭക്ഷണപ്പുരയിലേക്കും മറ്റും സഞ്ചരിക്കാന്‍ ഫെസ്റ്റ് ഓട്ടോ രാത്രിയോടെ നഗരത്തില്‍ സജീവമാകും. മത്സരാര്‍ത്ഥികളെ നാല് വേദികള്‍ അടങ്ങിയ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും ബസുകള്‍ വേദികളില്‍ സേവനം നടത്തുക.
താമസം റെഡി
കലാപ്രതിഭകളേയും രക്ഷിതാക്കളേയും ഒപ്പം കൂട്ടാന്‍ മത്സരിച്ച് നാട്ടുകാരും ക്ലബ്ബുകളും എന്‍.എസ്.എസ് യൂണിറ്റും. കലോത്സവം കൂടാന്‍ കാഞ്ഞങ്ങാട് വണ്ടി ഇറങ്ങുമ്പോള്‍ താമസ സൗകര്യത്തെക്കുറിച്ച് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട. പതിനൊന്ന് സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സംഘാടകര്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് സ്കൂളുകള്‍ റിസര്‍വ്വായി ആവശ്യം വന്നാല്‍ ഉപയോഗിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ക്ലബ്ബുകളും, നീലേശ്വരത്തെ ശാസ്ത്ര സാഹിത്യ പരിഷത്തും, നെഹ്റുകോളേജ് എന്‍.എസ്.എസ് യൂണിറ്റുകളും മത്സരാര്തഥികളേയും രക്ഷിതാക്കളേയും വീടുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കലോത്സവം നടക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാരും പ്രതിഭകളെ കരുതലോടെ വീടുകളിലേക്ക് ക്ഷണിക്കുകയാണ്.