അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ നിയമം വരുന്നു; കരട് തയ്യാറെന്ന് മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനു നിയമം കൊണ്ടുവരുമെന്നു മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. നിര്‍ദിഷ്ട നിയമത്തിന്റെ കരട് തയാറായിട്ടുണ്ട്. നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായംകൂടി തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.ഡി. പ്രസേനന്‍ അവതരിപ്പിച്ച 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജന ബില്ലിന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറയുകയായിരുന്നു മന്ത്രി രാധാകൃഷ്ണന്. മന്ത്രിയുടെ മറുപടിയോടെ ബില്‍ സഭ തള്ളി.
നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം ഈ നിയമത്തിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ ബില്ലിനു വേണ്ടി സര്‍ക്കാര്‍ വലിയ അഭിപ്രായസ്വരൂപണവും നടത്തും. നവോത്ഥാനമൂല്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്രീയ-യുക്തിചിന്തകള്‍ പരിപോഷിപ്പിക്കുകയും മാനവിക മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണം നിയന്ത്രിക്കേണ്ടതുണ്ട്. അതിനെതിരേ വലിയരീതിയിലുള്ള പ്രചാരണം നടത്താനാണ് ശ്രമം.