സർ എന്റെ പേര് പറയുന്നില്ല. ആ കാർ പരിശോധിച്ചാൽ എല്ലാം മനസ്സിലാകും.രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്ക് ഇറങ്ങിയ കാസർകോട് ഡി വൈ എസ് പി പി.ബാലകൃഷ്ണൻനായർ കണ്ടെത്തിയത് ആഡംബര കാറിൽ കുഴൽപ്പണം കടത്തുന്ന ദമ്പതികളെ
കാസർകോട്:ഇന്നലെ വൈകുന്നേരം ആറു മണിയോടുകൂടി കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് ഒരു ഫോൺ കോൾ വരുന്നു. ഒരു കുഴൽപ്പണവുമായി ബന്ധപ്പെട്ട വിവരം ഉൾക്കൊള്ളുന്ന രഹസ്യ സന്ദേശമാണ് ഫോണിലൂടെ ലഭിച്ചത്.
സർ,മംഗലാപുരത്തുനിന്ന് തലപ്പാടിയിലൂടെ കടന്നു വരുന്ന ദമ്പതികൾ സഞ്ചരിക്കുന്ന ആഡംബര കാറിൽ കുഴൽപ്പണം ഉണ്ട്.
“സാർ എന്നെ വിശ്വസിക്കണം ഇത് കൃത്യമായ വിവരം ആണ്.”
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ഐ പി സന്തോഷ് കുമാറും ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പടെ തലപ്പാടിയിലെത്തി വാഹന പരിശോധന ആരംഭിച്ചു.സന്ധ്യക്ക്
7 മണിയോടുകൂടി ദമ്പതികൾ സഞ്ചരിച്ച കെ എൽ 15 എ151 ക്രെറ്റ കാർ പോലീസിന്റെ മുന്നിലെത്തി . കാർ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 27,46,000 രൂപ കാറിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. കുമ്പഡാജ പഞ്ചായത്തിലെ കറുവതടുക്ക വീട്ടിലെ ഇബ്രാഹിമിന്റെ മകൻ ശിഹാബുദ്ദീൻ (28) ആർക്കും സംശയം തോന്നാതിരിക്കാൻ ഭാര്യയെ ഒപ്പംകൂട്ടിയാണ് കുഴൽപണം കടത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടക്കേണ്ട തുണ്ടന്നും എന്നാൽ മാത്രമേ പണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സാധിക്കൂവെന്നും ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു.