ഡ്രൈവര്‍ ഉറങ്ങിയാല്‍ അലാറം മുഴങ്ങും വേഗം കുറയും ,അപകടം ഒഴിവാകും സിസ്റ്റം വ്യാപകമാക്കാൻ മോട്ടോർ വാഹന വകുപ്പ്, പിന്തുണയുമായി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഡ്രൈവര്‍ ഉറങ്ങിയാല്‍ അലാറം മുഴക്കി വാഹനം സ്വയം വേഗം കുറയ്ക്കും. ഒപ്പം, റോഡിലുള്ള മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കും. ആഡംബര വാഹനങ്ങളില്‍മാത്രം കാണാറുള്ള ഈ സംവിധാനം കുറഞ്ഞചെലവില്‍ മറ്റു വാഹനങ്ങളിലും ഘടിപ്പിക്കാന്‍ വഴിയൊരുക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.
‘ഡ്രൈവര്‍ ഡ്രൗസിനെസ് ആന്‍ഡ് ഫേറ്റല്‍ ആക്സിഡന്റ് പ്രിവെന്‍ഷന്‍ സിസ്റ്റം’ കുസാറ്റിലെ ബി.ടെക്. പ്രോജക്ടിന്റെ ഭാഗമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചത്. പ്രവര്‍ത്തനക്ഷമത വിലയിരുത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവും ഉന്നത ഉദ്യോഗസ്ഥരും ഇത് ജനകീയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കാബിനില്‍ ഘടിപ്പിക്കുന്ന നൈറ്റ് വിഷന്‍ ക്യാമറ ഡ്രൈവറെ നിരീക്ഷിക്കും. കൃഷ്ണമണിയുടെ ചലനങ്ങള്‍, മുഖഭാവങ്ങള്‍ എന്നിവയില്‍നിന്ന് ഡ്രൈവര്‍ ഉറങ്ങുന്നുവെന്നു കണക്കാക്കാന്‍ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള കണ്ട്രോള് യൂണിറ്റിനു കഴിയും. ഡ്രൈവര്‍ ഉറങ്ങിയാലുടന് അലാറം മുഴക്കി അപായസൂചനാ ലൈറ്റുകള്‍ തെളിയും. ആക്സിലറേറ്റര്‍ ബന്ധം വിച്ഛേദിച്ചുകൊണ്ട് വേഗം പെട്ടെന്ന് കുറയ്ക്കും. ഇതിനനുസരിച്ച് ഗിയര്‍ മാറ്റാത്തതിനാല്‍ എന്ജിന് വിറയ്ക്കുകയും അതു തിരിച്ചറിഞ്ഞ് ഡ്രൈവര്‍ ഉണരുകയും ചെയ്യും. അലാറം കേട്ട് യാത്രക്കാര്‍ക്ക് ഇടപെടാനും കഴിയും.
25,000 രൂപ ചെലവിലാണ് നിലവിലെ സംവിധാനം ഒരുക്കിയത്. വാണിജ്യാടിസ്ഥാനത്തിലെ നിര്‍മാണത്തിന് ഇത്രയും ചെലവ് വേണ്ടിവരില്ല. പേറ്റന്റ് നേടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി.ഡി. അരുണ്‍, എ. നൗഫല്‍, എന്‍.കെ ദീപു, പി.വി വിജേഷ്, അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.വി. വിനീത്, എസ്. രഞ്ജിത്ത് എന്നിവരാണ് അണിയറശില്പികള്.
അപകടം കുറയ്ക്കും
ഏറെ മുടക്കുമുതല്വേണ്ട സംവിധാനമാണ് കുറഞ്ഞ ചെലവില്‍ ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചത്. രാത്രികാല അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്ന സംവിധാനം വ്യാപകമാക്കാനാവശ്യമായ നടപടി സ്വീകരിക്കും.
-മന്ത്രി ആന്റണി രാജു