മെഡി. കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും
കാസര്‍കോട്:ജില്ലാ ആശുപത്രിയിലും ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. മെഡിക്കല്‍ കോളജില്‍ പെട്രോനെറ്റ് എല്‍എന്‍ജിയും ജില്ലാ ആശുപത്രിയില്‍ ദേശീയപാത അതോറിറ്റിയുമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.
മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ സിവില്‍ വര്‍ക്കുകള്‍ക്കായി ജില്ലാ നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് നല്കാന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി.
ദേശീയപാത അതോറിറ്റി ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ പ്രൊപ്പോസല്‍ ലഭ്യമാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും തീരുമാനമായി.
ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ചിനായി കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ ലഭിച്ച തുക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറും. ഓര്‍ഡര്‍ നല്കിയ സിലിണ്ടറുകള്‍ക്ക് ആവശ്യമായി വരുന്ന ബാക്കി തുക അനുവദിക്കും. ജില്ലയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി നിയോഗിച്ചവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ശമ്പളം നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, എഡിഎം എ കെ. രമേന്ദ്രന്‍, ഡിഎംഒ ഡോ. കെ ആര് രാജന് എന്നിവര്‍ സംസാരിച്ചു.