ഗൾഫിൽ നിന്നും കേരളത്തിലേക്ക് പേസ്റ്റ് രൂപത്തിലാക്കിയ കടത്തിയ സ്വർണ്ണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവിരൽ മുറിച്ചു.
കാസർകോട് : ഗൾഫിൽ നിന്നും കേരളത്തിലേക്ക് കടത്തിയ സ്വർണ്ണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിന്റെ കൈവിരൽ മുറിച്ചു. അജാനൂർ കൊളവയൽ മുട്ടുന്തല ഷെഫീഖിന്റെ 35, ഇടതുകൈയിലെ ചെറുവിരലാണ് സ്വർണ്ണക്കടത്ത് സംഘം കാറിനകത്ത് മുറിച്ചു കളഞ്ഞത്. അറ്റ് തൂങ്ങിയ ഷെഫീഖിന്റെ കൈവിരൽ സ്വകാര്യാശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
കല്ലൂരാവി ബാവനഗറിൽ പുതുതായി വീടെടുത്ത് താമസിക്കുന്ന മുട്ടുന്തല സ്വദേശി ഷെഫീഖിനെ മൂന്ന് കാറുകളിലെത്തിയ 12 അംഗസംഘം ഇന്നലെ ഉച്ചയ്ക്ക് ഇട്ടമ്മൽ ഗാർഡർ വളപ്പ് റോഡിൽ ആയുധങ്ങളുമായി ചാടി വീണ് ഷെഫീഖ് സഞ്ചരിച്ച കാർ അടിച്ചു തകർത്തശേഷം ബലമായി കാറിൽ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
ഇന്നോവ സ്വിഫ്റ്റ്, ഹോണ്ട സിറ്റി കാറുകളിലായെത്തിയ സംഘം ഷെഫീഖിനെ വളഞ്ഞിട്ട് പിടികൂടിയാണ് കടത്തികൊണ്ടുപോയത്. പന്ത്രണ്ടംഗ സംഘത്തിലെ ആറ് പേരെ ഇന്നലെ വൈകീട്ട് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കാറിനകത്ത് ഷെഫീഖിന്റെ വിരൽ സംഘം കഠാര ഉപയോഗിച്ച് മുറിച്ചു മാറ്റി. ഗൾഫിൽ നിന്നും കാഞ്ഞങ്ങാട്ടെത്തിക്കാനേൽപ്പിച്ച 40 ലക്ഷം രൂപയുടെ സ്വർണ്ണം ആവശ്യപ്പെട്ടാണ് ഷെഫീഖിനെ കാറിനകത്ത് മർദ്ദിച്ചശേഷം വിരൽ മുറിച്ചത്.
ദുബായിൽ സ്ഥാപനം നടത്തിയുന്ന ഷെഫീഖ് കച്ചവടം നിർത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് വരുമ്പോൾ ദുബായിൽ ചിലർ ഷെഫീഖിന് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം കാസർകോട്ടേയ്ക്ക് കടത്തിക്കൊണ്ടുവരാൻ ഏൽപ്പിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ സ്വർണ്ണം നൽകിയ സംഘംത്തിൽപ്പെട്ട ചിലർ യുവാവിനെ സമീപിച്ചപ്പോൾ ഏൽപ്പിച്ച സ്വർണ്ണം തിരികെ കൊണ്ടുപോയെന്നാണ് ഷെഫീഖ് പറഞ്ഞത്.
എന്നാൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം നൽകിയ കാസർകോട് തളങ്കര സംഘം ഷെഫീഖ് പറഞ്ഞത് വിശ്വസിച്ചില്ല. ഗൾഫിൽ നിന്നും കാഞ്ഞങ്ങാട്ടേക്കെത്തിച്ച മുഴുവൻ സ്വർണ്ണവും ഷെഫീഖ് കൈക്കലാക്കിയെന്നാരോപിച്ചാണ് യുവാവിനെ ഇന്നലെ നാടകീയമായി തട്ടിക്കൊണ്ടുപോയത്. ഗൾഫിൽ നിന്നും നിയമ വിരുദ്ധമായി സ്വർണ്ണം കടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതിന് ഷെഫീഖിനെ പിടികൂടിയതെന്ന വാദം പ്രതികൾ പോലീസിന് മുന്നിലവതരിപ്പിച്ചത്.
40 ലക്ഷം തട്ടിയെടുത്തുവെന്ന കാസർകോട് യുവാക്കളുടെ പരാതിയിൽ പോലീസ് ഷെഫീഖിനെതിരെ കേസ്സെടുത്തിട്ടില്ല. പണമിടപാട് ഗൾഫിലായതിനാലാണ് കേസ്സെടുക്കാത്തതെന്ന് ഹൊസ്ദുർഗ് പോലീസ് പറഞ്ഞു. ഷെഫീഖിനെ തട്ടികൊണ്ടുപോകാനെത്തിയ സംഘം സഞ്ചരിച്ച മൂന്ന് കാറുകൾ ഹൊസ്ദുർഗ് പോലീസിന്റെ കസ്റ്റഡിയിലാണ്.