കാർ യാത്രയിൽ യുവാവ് കൈ തുടച്ചു അബദ്ധത്തിൽ പുറത്തേക്കു എറിഞ്ഞത് 3 പവന്റെ മാല അടങ്ങിയ പൊതി.
കണ്ടനകത്ത്:കാർ യാത്രയ്ക്കിടെ കൈതുടച്ച് അബദ്ധത്തിൽ കടലാസിന് പകരം യുവാവ് പുറത്തേക്ക് എറിഞ്ഞത് കൈവശം ഉണ്ടായിരുന്ന 3 പവന്റെ മാല അടങ്ങിയ പൊതി. ഇത് മനസ്സിലായതോടെ തിരികെ എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മാല ലഭിച്ചില്ല. ഇന്നലെ രാവിലെ കണ്ടനകത്ത് ആയിരുന്നു സംഭവം. എടപ്പാൾ സ്വദേശിയായ യുവാവ് ഇന്ന് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി ബന്ധു വീട്ടിലേക്ക് യാത്ര പറയാനായി ഭാര്യയ്ക്കൊപ്പം കാറിൽ പുറപ്പെട്ടതായിരുന്നു.
യാത്രയ്ക്കിടെ കണ്ടനകത്ത് എത്തിയപ്പോൾ കൈ തുടച്ച ശേഷം കടലാസ് പുറത്തേക്ക് എറിഞ്ഞു. എന്നാൽ കടലാസിന് പകരം മാല പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പൊതി ആണ് കളഞ്ഞത്. അൽപ ദൂരം മുന്നോട്ടു പോയപ്പോഴാണ് മാലയാണു കളഞ്ഞതെന്നു മനസ്സിലായത്. ഉടൻ വാഹനം തിരിച്ച് കണ്ടനകം കെഎസ്ആർടിസി വർക്ക് ഷോപ്പിന് മുൻവശത്ത് പൊതി കളഞ്ഞ സ്ഥലത്തു നിർത്തി തിരച്ചിൽ ആരംഭിച്ചു.
വിവരം അറിഞ്ഞ് നാട്ടുകാരും ഒപ്പം ചേർന്നു. മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഈ ഭാഗത്ത് റോഡരികിൽ കാടുകൾ വളർന്നതിനാൽ തിരച്ചിൽ ദുഷ്കരമായി. വിദേശത്തു പോകാൻ പണം ആവശ്യം ഉള്ളതിനാൽ വിൽപന നടത്താനായി സൂക്ഷിച്ച മാല ആയിരുന്നു യുവാവിനു നഷ്ടമായത്.