ഡോക്ടർമാർക്കുനേരെയുള്ള ആക്രമണങ്ങൾക്ക് ശമനമില്ല ,തലസ്ഥാനത്ത് വനിതാ ഡോക്ടറെ ആക്രമിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മാലു മുരളിക്കാണ് മർദ്ദനമേറ്റത്.
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഡോക്ടറെ ആക്രമിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മാലു മുരളിക്കാണ് മർദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാർക്കും മർദ്ദനമേറ്റിട്ടുണ്ട്. മർദ്ദനമേറ്റ ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. ഇവർ സ്ഥിരം പ്രശ്നക്കാരാണെന്നും തന്റെ വസ്ത്രം വലിച്ചുപറിക്കാൻ ശ്രമിച്ചെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാമത്തെയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.മന്ത്രി വി ശിവൻകുട്ടി ആശുപത്രി സന്ദർശിച്ചു. ഡോക്ടർമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.കഴിഞ്ഞദിവസങ്ങളിൽ പാറശാല ആശുപത്രിയിൽ ഉൾപ്പടെ സംസ്ഥാനത്ത് പലയിടത്തും ഡോക്ടർമാരെ കയ്യേറ്റം ചെയ്തിരുന്നു. മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനാണ് പാറശാലയിൽ ഡോക്ടറെ ആക്രമിച്ചത്. ഇതിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.