ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ആത്മഹത്യ തുടരുന്നു; കോട്ടയത്ത് ചായക്കടയുടമ കടക്കുള്ളില്‍ തൂങ്ങിമരിച്ചു; തിരുവനന്തപുരത്തും ആത്മഹത്യ
കോട്ടയം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യ തുടരുന്നു. ഇന്ന് മാത്രം രണ്ട് മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്തും തിരുവനന്തപുരത്തുമാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളില്‍ 20 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതില്‍ കൂടുതലും കൊറോണ മൂലം സാമ്പത്തിക ബാധ്യതയുണ്ടായ വ്യാപാരികളാണ്.
കോട്ടയം, ഏറ്റുമാനൂരില്‍ ചായക്കട ഉടമയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേല്‍ കെടി തോമസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.കടയുടെ ഷട്ടര്‍ താഴ്ന്നു കിടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്.
ഇയാള്‍ നേരത്തെ ബേക്കറിയും നടത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്. 2019ല്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതിനിടയിലാണ് ലോക് ഡൗണിനെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായിരുന്നത്.
തിരുവനന്തപുരം ബാലരാമപുരത്താണ് രണ്ടാമത്തെ ആത്മഹത്യ. ബാലരാമപുരം സ്വദേശി മുരുകനാണ് കടബാധ്യതമൂലം ആത്മഹത്യ ചെയ്തത്. ഇയാളെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.