വേട്ടനായ്ക്കളുമായി നായാട്ട് സംഘം: ഒരാൾ പിടിയിൽ;
പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയിൽ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈൻ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തു.
നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് നിർമിച്ച മുനയുള്ള കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ ഇയാളിൽ നിന്ന്
പിടിച്ചെടുത്തു. കേസിൽ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരൻ സുന്ദരൻ ഉൾപ്പടെ അഞ്ചു പേർ ഒളിവിലാണ്.
കാഞ്ഞിരപുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി
കഴിഞ്ഞ ദിവസം നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂൺ മാസവും നായാട്ട് നടത്തിയിരുന്നു.
കാട്ടുപന്നി, മുയൽ, മാൻ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വിൽപ്പന നടത്താറുണ്ടെന്നും ഇവർ പറയുന്നു.
നായാട്ട് സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.