ഐ.യു.എം.എല്ലിലെ ‘എം’ എന്താണെന്ന് കുഞ്ഞാപ്പയുടെ അരുമ ശിഷ്യന് മുഈനലി തങ്ങളെ വിളിച്ച തെറിയില്‍ മാലോകര്‍ കേട്ടു; പരിഹാസവുമായി കെ.ടി. ജലീല്‍
കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ലീഗ് പ്രവര്‍ത്തകനുണ്ടാക്കിയ സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.
കുഞ്ഞാലിക്കുട്ടി പ്രതിനിധാനം ചെയ്യുന്ന ഐ.യു.എം.എല്ലിലെ ‘എം’ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഈ പ്രവര്‍ത്തകന്റെ തെറിവിളിയില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലായെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. നിയമസഭാ സമ്മേളനം ഉപേക്ഷിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങുകയാണെന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘കുഞ്ഞാലിക്കുട്ടി നേതൃത്വം നല്കുന്ന കഡങഘ ന്റെ ‘ങ’ പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണെന്ന് ഇന്നലെ ലീഗ് ഹൗസില്‍ വെച്ച് കുഞ്ഞാപ്പയുടെ അരുമശിഷ്യന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ തെറി പറയുന്നതിനിടയില്‍ മാലോകര്‍ കേട്ടു. ആ ഗണത്തില്‍ പെടുന്നവര്‍ ദയവായി ഈ പോസ്റ്റിനടിയില്‍ കമന്റ് ചെയ്യരുത്,’ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ റാഫി പുതിയകടവ് എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത്.
തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്ത്തകന് വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഈനലി ഉന്നയിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞു.
നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെവെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.
‘പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മുഈനലി പറഞ്ഞു.