യുവതിയോട് താലിബാന്റെ കൊടും ക്രൂരത, ശിരോവസ്ത്രം ധരിക്കാത്തതിന് ഭീകരര്‍ 21കാരിയെ കാറില്‍ നിന്നും വലിച്ചിഴച്ച് വെടിവെച്ച് കൊന്നു
കാബൂള്‍: ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ താലിബാന് ഭീകരര്‍ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നതായി അഫ്ഗാനിസ്ഥാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നസനീന്‍ എന്ന 21 കാരിയെയാണ് ഭീകരര്‍ വകവരുത്തിയത്. പെണ്‍കുട്ടിയെ കാറില്‍ നിന്നും പുറത്തേക്ക് ഭീകരര്‍ വലിച്ചിഴച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ താലിബാന് വക്താവ് സബിഹുല്ല മുജാഹിദ് ഈ വാര്‍ത്തകള്‍ നിഷേധിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്നുളള അമേരിക്കന്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അഫ്ഗാന് സൈന്യത്തിനും സാധാരണക്കാര്‍ക്കുമെതിരായി താലിബാന് ആക്രമണങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. തങ്ങളുടെ കരിനിയമങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനും നിര്‍ബന്ധിതമായി നടപ്പാക്കാനുമുളള ശ്രമങ്ങള്‍ ഭീകരര്‍ തുടരുകയാണ്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനൊപ്പം ഭീകരര്‍ക്ക് വിവാഹം കഴിക്കാനായി 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടേയും 45 വയസിന് താഴെയുള്ള വിധവകളുടേയും ലിസ്റ്റ് തയ്യാറാക്കാന്‍ പ്രാദേശിക മത നേതാക്കളോട് താലിബാന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്ന താലിബാന് അത് തങ്ങള്‍ പറയുന്ന ‘ഇസ്ലാമിക മൂല്യങ്ങള്‍’ അനുസരിച്ച് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് താലിബാന് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാര്ക്കൊപ്പമല്ലാതെ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്നും, പുരുഷന്മാര് താടി വടിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. പുകവലി നിരോധനം, എല്ലാവരും നിര്‍ബന്ധമായി തലപ്പാവ് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും താലിബാന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.അഫ്ഗാനിലെമ്പാടും താലിബാന് ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എന്‍ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തില്‍ സുരക്ഷാജീവനക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. താലിബാന്റെ ആക്രമണം കൂടുതല്‍ ശക്തമായതോടെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങള്‍ തെരുവിലുണ്ട്. വൈകുന്നേരമായാല്‍ തെരുവുകളിലും വീടുകളുടെ മുകളില്‍ കയറിയും അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുമാണ് ജനങ്ങള്‍ താലിബാനെതിരെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിക്കല്‍ ആണെന്നാണ് താലിബാന്റെ അവകാശവാദം.