‘ജലീലിനെ വിടാം.. ഹംസാ സാഹിബ് പറഞ്ഞതോ കുഞ്ഞാപ്പാ..,’ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് നേതാക്കള്‍.മുസ്ലീം ലീഗില്‍ ടോട്ടല്‍ പ്രോബ്ലം
കോഴിക്കോട്:കള്ളപ്പണക്കേസില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നതിന് ഏക ഉത്തരവാദി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ലീഗ് നേതാക്കള്‍. പ്രശ്നം ‘ഇശ്യു’ ആക്കേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചിട്ടില്ല. കെ ടി ജലീലിന്റെ ആരോപണം ഒരു കോപ്പുമില്ലാത്തതെന്ന നേതാവിന്റെ മറുപടിയിലും ഭൂരിഭാഗവും തൃപ്തരല്ല. ജലീലിനെ വിടാം; ഹംസ സാഹിബ് പറഞ്ഞതോ കുഞ്ഞാപ്പാ എന്ന ചോദ്യമാണ് തിരിച്ചുയരുന്നത്. ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ സെക്രട്ടറി കെ എസ് ഹംസ പറഞ്ഞതിന് മറുപടി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
‘ലീഗുകാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി ചന്ദ്രിക മാറി. ഹൈദരലി തങ്ങളെ ഇഡി ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ കാരണം ഇതാണ്. പാണക്കാട് കുടുംബത്തെ ഇഡി ചോദ്യംചെയ്തതിലൂടെ തങ്ങളെയും പാര്‍ടിയെയും കുഞ്ഞാലിക്കുട്ടി കൊലയ്ക്കുകൊടുത്തു’-എന്നെല്ലാമാണ് ഹംസ പറഞ്ഞത്. പാലാരിവട്ടം പാലം അഴിമതിപ്പണമായി 10 കോടി രൂപ ചന്ദ്രികയില്‍ നിക്ഷേപിച്ചതിനാണ് അന്വേഷണമെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സാദിഖലി ശിഹാബ് തങ്ങളുമടക്കം പ്രമുഖരുള്ള യോഗത്തിലായിരുന്നു ഹംസ തുറന്നടിച്ചത്. ഹംസയെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ തിരുത്തുകയോ വിമര്‍ശിക്കുകയോ ഉണ്ടായില്ല.
വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പാണക്കാട് കുടുംബത്തിന് ബാധ്യതയുണ്ടെന്നും അതുണ്ടായില്ലെങ്കില്‍ പടച്ചവന് ചോദിക്കുമെന്നും തങ്ങള്‍ കുടുംബം ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും പറഞ്ഞ എം കെ മുനീറിന്റെ വാക്കുകളിലും കുഞ്ഞാലിക്കുട്ടിക്കെതിരായ പരോക്ഷ വിമര്‍ശനമായിരുന്നു. കെ പി എ മജീദ് സ്ഥാനാര്‍ഥിയാകണോ എന്ന് ഫര്‍ണിച്ചര്‍ വ്യാപാരി ചോദിച്ചെന്ന് വെളിപ്പെടുത്തിയ പി കെ ബഷീര്‍ എംഎല്‍എ, ലീഗില്‍ ആരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ചോദ്യവുമുയര്‍ത്തി. യോഗത്തിലെ ഈ ചര്‍ച്ച പ്രചരിപ്പിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധം.