കണ്ണപുരത്ത് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ കത്തിച്ച കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണപുരം: കണ്ണപുരത്ത് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ കത്തിച്ച കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ കണ്ണപുരത്തെ സയ്യദ് തലഹത്ത് (30 ) മൊട്ടമ്മൽ പുഞ്ചവയലിലെ സിപി മുഹമ്മദ് റാഷിദ് (26) ആരോളി മാങ്കടവ് കുന്നുബ്രത്തെ സി എച്ച് മുഹമ്മദ് അനാസ് (23) കല്യാശേരി കെ കണ്ണപുരത്തെ എപി റമീസ് (24) പാപ്പിനിശ്ശേരിയിലെ ബൈത്തുൽ മുഹസിനസിലെ എം ബി ഫഹദ് (23) അഞ്ചാംപീടിക ചിറകുറ്റി ശിശു മന്ദിരത്തിന് സമീപത്തെ ടി കെ സജ്ഫർ (33) എന്നിവരെയാണ് പ്രിൻസിപ്പൽ എസ്ഐ വി ആർ വിനീഷ് അറസ്റ്റ് ചെയ്തത്.
യുവമോർച്ച മുൻ മണ്ഡലം പ്രസിഡണ്ട് കണ്ണപുരം പൂങ്കാവിൽ ആരംഭൻ വീട്ടിൽ ജിജിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെഎൽ 13വി 44 66 നമ്പറുള്ള ബുള്ളറ്റും സഹോദരൻ ജോഷിയുടെ കെഎൽ 13 വി 9573 നമ്പർ സ്വകാര്യ ഓട്ടോയുമാണ് എസ്ഡിപിഐ പ്രവർത്തകർ തീവെച്ച് നശിപ്പിച്ചത്. ഈ മാസം ഒന്നിന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീയും പുകയും ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് കത്തുന്നത് കണ്ടത്. സഹോദരൻറെ ഓട്ടോറിക്ഷയുടെ സീറ്റുകൾ ഉൾപ്പെടെ കത്തുന്നത് വെള്ളമൊഴിച്ചതിനാൽ തി അണഞ്ഞു ഭാഗികമായി കത്തി നശിച്ച നിലയിലായിരുന്നു.
പരാതിയിൽ കേസെടുത്ത കണ്ണൂർ പോലീസ് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ കണ്ണപുരം ഇൻസ്പെക്ടർ കെ അനിൽകുമാർ എസ് ഐ വി ആർ വിനീഷ് എസ് ഐ മനീഷ് സീനിയർ സിപിഒ എം ബി രാജേഷ് എന്നിവരടങ്ങിയ സംഘം സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സൈബർസെല്ലിൻറെ സഹായത്തോടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളി ലേക്ക് എത്തിച്ചത്.
കണ്ണപുരം ഇട്ടമ്മലിലെ എസ് ഡി പി ഐ പ്രവർത്തകർ നസീബിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ തീവെച്ച് നശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ബിജെപി പ്രവർത്തകരുടെ വാഹനങ്ങളും നശിപ്പിച്ചത് . ഈ കേസിലെ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്പി പി സദാനന്ദൻ പറഞ്ഞു.