പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും നികുതിയടയ്ക്കുന്നു, നിങ്ങൾക്ക് പിന്നെന്താണ്; ആഡംബരകാറിന് നികുതിയിളവ് ചോദിച്ച ധനുഷിനെ കുടഞ്ഞ് ഹൈക്കോടതി
ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പുത്തൻ ആഡംബര കാറിന് ഇറക്കുമതി ഇളവ് ആവശ്യപ്പെട്ട തമിഴ് ചലച്ചിത്ര നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും ഒരു പരാതിയുമില്ലാതെ നികുതിയടയ്ക്കാൻ തയ്യാറാകുമ്പോൾ ആഡംബര കാറിന് വേണ്ടി താരങ്ങൾ നികുതിയിളവ് ചോദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സമൂഹത്തിനു മാതൃകയാകേണ്ട സിനിമാതാരങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിലകൂടിയ കാറുമായി നിരത്തിലിറങ്ങുമ്പോൾ ഈ റോഡുകൾ ഇത്തരം നികുതിപണം കൊണ്ട് നിർമിച്ചവയാണെന്ന് താരങ്ങൾ മറക്കരുതെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. പ്രവേശനനികുതിയുടെ കാര്യത്തിൽ അതാതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ എല്ലാവർക്കും നികുതി അടയ്ക്കാനുള്ള ബാദ്ധ്യതയുണ്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും ഹൈക്കോടതിയെ ചൊടിപ്പിച്ചു. സത്യവാങ്മൂലത്തിൽ ധനുഷിന്റെ ജോലി വിവരം ചേർക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് നാളെ കോടതിയിൽ വിശദമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.2015ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു വേണ്ടി നികുതിയിളവ് ആവശ്യപ്പെട്ടാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കോടതി കേസ് പരിഗണിച്ചപ്പോൾ നികുതിയടയ്ക്കാൻ തയ്യാറാണെന്നും കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചുവെങ്കിലും താരങ്ങൾ നിരന്തരമായി നികുതിയിളവ് ചോദിച്ചു കൊണ്ട് കോടതിയെ സമീപിക്കുന്നത് കോടതിയെ ചൊടിപ്പിക്കുകയായിരുന്നു.