‘ഞങ്ങളെ ഒന്നിച്ച് അടക്കണം’; കുറിപ്പെഴുതിവെച്ച് ദമ്പതികൾ ആത്മഹത്യ ചെയ്തു
കൊൽക്കത്ത: സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത് ദമ്പതികൾ. കൊൽക്കത്ത നായപ്പട്ടിയിലെ ഫ്ലാറ്റിലാണ് ദമ്പതികളുടെ ആത്മഹത്യ. 40കാരിയായ ശ്രുതിദ ഗുഹ ബിശ്വാസ്, 45കാരൻ ദേബാശിഷ് ദാസ്ഗുപ്ത എന്നിവരാണ് മരിച്ചത്.
ശ്രുതിദയെ കട്ടിലിൽ മരിച്ച നിലയിലും ദേബാശിഷ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.
സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് മരിക്കുന്നതെന്നും തങ്ങളുടെ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കണമെന്നും അവർ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
സ്ത്രീയുടെ കഴുത്ത് ഞെരിച്ചതിെൻറ പാടുകളുള്ളതായി പൊലീസ് പറഞ്ഞു. ശ്രുതിദയെ കൊലപ്പെടുത്തിയ ശേഷം ദേബാശിഷ് ആത്മഹത്യെചയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒന്നരമാസം മുമ്പാണ് ദമ്പതികൾ കൊൽക്കത്തയിൽ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തർക്കമുണ്ടായിരുന്നുവെന്നും തുടർന്ന് ചെന്നൈയിൽനിന്ന് ഇരുവരും കൊൽക്കത്തയിലേക്ക് വരികയായിരുന്നുവെന്നും ഫ്ലാറ്റിെൻറ ഉടമ പറഞ്ഞു. ബുധനാഴ്ച ഫ്ലാറ്റ് ഒഴിച്ച് ചെന്നൈയിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു ഇരുവരും.
ബുധനാഴ്ച ഉടമസ്ഥൻ ഫ്ലാറ്റിെൻറ താക്കോൽ വാങ്ങാൻ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. നിരവധി തവണ ബെൽ അടിച്ചിട്ടും തുറന്നില്ല. എന്നാൽ വീട്ടിനുള്ളിൽ എ.സി പ്രവർത്തിപ്പിച്ചിരുന്നതായും ടെലിവിഷൻ ഓണാക്കിയിരുന്നതായും ഇയാൾ ശ്രദ്ധിച്ചു. ഇതോടെ െപാലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പൊലീസ് അകത്തു കടന്നപ്പോൾ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.