മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതി വരുന്നു
ന്യൂഡൽഹി; മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതി വരുന്നു. നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. അതുകൊണ്ട് മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്.
മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം. ലോക്സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ, ഒരാൾ മരിച്ച ശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാൻ സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതിക്കു ശ്രമിക്കുന്നത്.
ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷർ അറിയിച്ചു. ഭേദഗതിക്കു ശേഷം മരണ രജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. രജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.