തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മോഹന്‍ലാല്‍.കേസെടുത്ത കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചു. വനംമന്ത്രി കെ. രാജുവിന്റെ പരിഗണനയിലാണു പരാതി.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിനെതിരേയാണു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്. കേസിന്റെ പേരില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.കേസില്‍ ഡിസംബര്‍ ആറിനു മോഹന്‍ലാല്‍ ഹാജരാകണമെന്നാണു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
നടനുവേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകൻ ഹാജരാകും.. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാർ ജീവിരിപ്പില്ല.. അദ്ദേഹം കേസില്‍ രണ്ടാംപ്രതിയായിരുന്നു. വനംവകുപ്പിന്റെ കുറ്റപത്രത്തില്‍ മോഹന്‍ലാലാണ് ഒന്നാംപ്രതി. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ െഹെക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം അദ്ദേഹം സര്‍ക്കാരിനു നല്കിയ പരാതിയിലും ചൂണ്ടിക്കാട്ടി. ആനക്കൊമ്പ് െകെവശംവയ്ക്കാന് മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന് നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയത്.