ഉദുമ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി
മുന്‍കൂട്ടി നിശ്ചയിക്കാതെ വനിതാ സഹകരണ സംഘത്തെ അനുമോദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം
പാലക്കുന്ന്: ഭരണ സമിതി ചേർന്ന് മുൻകൂട്ടി തീരുമാനമെടുക്കാതെ ഉദുമ വനിത സഹകരണ സംഘം പ്രസിഡന്റിനെയും സെക്രട്ടറിയേയും അനുമോദിക്കുന്നതിൽ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ജാഗ്രതസമിതിയുടെ പ്രതിവാര യോഗത്തിൽ വാർഡുതല കോവിഡ് വിലയിരുത്തലിനു ശേഷം പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ കുട്ടിയെ അനുമോദിച്ചിരുന്നു. തുടർന്ന് മികച്ച വനിത സഹകരണ സംഘത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഉദുമ വനിത സഹകരണ സംഘത്തിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും അനുമോദിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ്, ബി.ജെ.പി. അംഗങ്ങൾ ഇറങ്ങിപ്പോയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി. എഫ്. ഭരിക്കുന്ന പഞ്ചായത്താണിത്. ബോർഡ് യോഗം ചേർന്ന് മുൻകൂട്ടി തീരുമാനമെടുക്കാതെ സി.പി. എം. നിയന്ത്രണത്തിലുള്ള വനിത സംഘത്തിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയേയും യോഗത്തിൽ അനുമോദിക്കുന്നതിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്ലസ് 2 വിദ്യാർത്ഥിയെ ആദരിച്ച ശേഷം തുടർ നടപടിയിൽ പങ്കെടുക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. സിപിഎം ഭരിക്കുന്ന ബാങ്കിനെ പഞ്ചായത്ത് യോഗത്തിൽ അനുമോദിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം . സംസ്ഥാന അവാർഡ് നേടിയ വനിത സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കസ്തുരി ബാലനും സെക്രട്ടറി ബി. കൈരളിയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയും പ്ലസ് 2 ജേതാവ് മുഹമ്മദ് ഫൈസാന്‍ ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. മുഹമ്മദും ഈ യോഗത്തിൽ ഉപഹാരങ്ങൾ നൽകി
അനുമോദിച്ചു.