പുതിയ കര്‍ണാടക മന്ത്രി സഭയില്‍ ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി..ദേവതകളുടെ പേരിലും സത്യപ്രതിജ്ഞ
ബെംഗളൂരു: സത്യപ്രതിജ്ഞയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി കര്‍ണാടകയിലെ പുതിയ മന്ത്രിസഭ. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് പതിവാണെങ്കിലും ഗോമൂത്രത്തിന്റെയും കര്‍ഷകരുടെയും പേരില്‍ വരെ ചിലര്‍ സത്യപ്രതിജ്ഞ ചെയ്തു. ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
മൃഗസംരക്ഷണ വകുപ്പു മുന്‍മന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി(കര്‍ണാടകയില്‍ ആരാധിക്കുന്ന ഒരു ദേവത)യുടെയും പേരിലായിരുന്നു ആനന്ദ് സിങ് സത്യവാചകം ചൊല്ലിയത്. വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് പ്രതിനിധീകരിക്കുന്നത്. ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി. ബില്‍ഗിയില്‍നിന്നുള്ള എം.എല്‍.എയാണ് നിരാണി.
മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ജൂലൈ 28-നാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്.