ഒരു സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊള്ളസംഘമാണ് മുസ്ലിം ലീഗ്: എ.എ റഹീം
കോഴിക്കോട്:ഒരു സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം മതത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി ഇരവാദം ഉയര്‍ത്തിയാണ് രക്ഷപ്പെടുന്നതെന്നും റഹീം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തെന്ന ആരോപണത്തിന് പാണക്കാട് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന കുഞ്ഞാലിക്കുട്ടിയുടെ മറുപടി മതസ്പര്‍ദ്ധയുണ്ടാക്കാനാണ്. ഒരു വിഭാഗം വിശ്വാസികള്‍ ആദരവോടെ കാണുന്ന തങ്ങള്‍ കുടുംബത്തെ മുന്‍ നിര്‍ത്ത് എതിരാളികളുടെ വായടപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നും റഹീം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരു സമുദായത്തെ മറയാക്കി,തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. അധികാരം ,ലീഗിന് അഴിമതിക്കും,കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ക്കുമുള്ള ഉപകരണം മാത്രമാണ്.ലീഗിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ,അപ്പോഴെല്ലാം, മതത്തെ,വിശ്വാസത്തെ മുന്‍ നിര്‍ത്തി അവര്‍ ഇരവാദം ഉയര്‍ത്തും. ഐസ്ക്രീം പാര്‍ലറിലെ പെണ്‍വാണിഭം,പാലാരിവട്ടം,ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്,ഖത്വയിലെ ഉള്‍പ്പെടെ ഇരകള്‍ക്കായി പിരിച്ച പണം തിരിമറി നടത്തിയത്,മുതല്‍ മാറാട് കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധം വരെ,എത്ര വലിയ ആരോപണങ്ങള്‍ എന്നൊക്കെ ഉയര്‍ന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വച്ച് ലീഗ് പ്രതിരോധം തീര്‍ക്കും. അത് നേതാക്കള്‍നേരിട്ട് പറയുന്നത് മാത്രമല്ല,സാമൂഹ്യ മാധ്യമങ്ങളില്‍ വിഷലിപ്തമായ വംശീയ ഇരവാദം അവര്‍ പ്രസരിപ്പിക്കും. ലീഗ് ചെയ്യുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കാള്‍ അപകടകരമാണ് ഇരവാദത്തിന്റെ ഭാഗമായി ലീഗ് സൃഷ്ടിക്കുന്ന സാമുദായിക സ്പര്‍ദ്ധ.
ശ്രീ കെ ടി ജലീല്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം ശ്രീ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം നോക്കൂ..ശ്രീ കുഞ്ഞാലിക്കുട്ടിയുടെ മറുപടി അവസാനിച്ചു. ശ്രീ വി ഡി സതീശന് കൂട്ടിച്ചേര്‍ക്കലുകളും നടത്തി.അവസാനിപ്പിക്കാം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.പൊടുന്നനെ,ശ്രീ കുഞ്ഞാലിക്കുട്ടി വീണ്ടും മൈക്ക് വാങ്ങുന്നു. പാണക്കാട് തങ്ങളെ ഇ ഡി ചോദ്യം ചെയ്ത സംഭവം പഴയതാണെന്നും,അതിപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചു അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കുഞ്ഞാലിക്കുക്കുട്ടി ആവര്‍ത്തിക്കുന്നു. ‘പാണക്കാട് തങ്ങളെ വേട്ടയാടുന്നു’എന്ന ഇരവാദം ഉയര്‍ത്തിയാണ് തന്റെ നേര്‍ക്കുയര്‍ന്ന ഗുരുതരമായ ആരോപണത്തെ ശ്രീ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്.ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ ഏറെ ആദരവോടെ കാണുന്ന തങ്ങള്‍കുടുംബത്തെ മുന്‍ നിര്‍ത്തി എതിരാളികളുടെ വായടപ്പിക്കാന്‍ നടത്തുന്ന സൈക്കോളജിക്കല്‍ മൂവ്…..
ചിലപ്പോള്‍, സമുദായത്തെ,മറ്റു ചിലപ്പോള്‍ തങ്ങള്‍ കുടുംബത്തെ മുന്‍ നിര്‍ത്തി ശ്രീ കുഞ്ഞാലിക്കുട്ടിയും ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും ആര്‍ജ്ജിച്ച സ്വത്ത് എത്രമാത്രമാണ്?. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ്സ് വിനീത വിധേയരായപ്പോള്‍ ‘നൊമ്പരം’മാത്രം രേഖപ്പെടുത്തി മൗനവ്രതം സ്വീകരിച്ച ലീഗ്,കോണ്‍ഗ്രസ്സിനെ ചില സന്ദര്‍ഭങ്ങളില്‍ മാത്രം സമ്മര്‍ദ്ദത്തിലാക്കും. അത്,അഴിമതിക്കും,സ്ഥാനമാനങ്ങള്‍ക്കും, ചില ലീഗ് നേതാക്കള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മറുവാക്ക് പറയാതിരിക്കാനും വേണ്ടി മാത്രമാണ്. മതം,നല്ല ഒന്നാംതരം മറയാണ് ലീഗിന്. എന്നാല്‍ അതേ മതം ശക്തമായി വിലക്കിയ അഴിമതിയും,അധികാരത്തിലുള്ളവരുടെ ആര്‍ഭാടവും,മുതല്‍ സര്‍വ അരാചക പ്രവണതകളും ലീഗ് ആഘോഷപൂര്‍വം തുടരും. ഇതിന് അറുതി വേണം. ശ്രീ കെ ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വളരെ പ്രസക്തമാണ്. ചന്ദ്രിക ദിനപ്പത്രത്തില്‍ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാന്‍ പ്രയാസപ്പെടുന്ന ലീഗ്,ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികള്‍ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ട്, എന്ന് കൂടി മറുപടി പറയാന്‍ തയ്യാറാകണം.സംസ്ഥാനത്തെ പൊതുഖജനാവ് മാത്രമല്ല, സ്വന്തം ചന്ദ്രികയെയും കൊള്ളയടിക്കുന്നവരാണ് ലീഗ് നേതൃത്വം.
ശ്രീ കെ എം ഷാജിക്കെതിരായ ആരോപണം,ശ്രീ എം സി ഖമറുദീന് എതിരായ ആരോപണം,യൂത്ത് ലീഗ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ വിവിധ ഫണ്ട് തട്ടിപ്പുകള്‍,ഒന്നില്‍ പോലും ലീഗ് അന്വഷണം നടത്തിയതായോ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചതായോ ആര്‍ക്കും അറിയില്ല .സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു പാലാരിവട്ടം പാലം.പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഒരു മണിക്കൂര്‍ നേരം പോലും അദ്ദേഹം ഉള്‍പ്പെടുന്ന ഘടകത്തില്‍ നിന്നും ലീഗ് മാറ്റി നിര്‍ത്തിയിട്ടില്ല.. ലീഗില്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. പരസ്പരം കണ്ണടയ്ക്കുന്ന, പരസ്പരം സഹായിക്കുന്ന കൊള്ളസംഘമായി ലീഗ് മാറി. ശ്രീ കെ എം ഷാജിയുടെ വീട് സംബന്ധിച്ച വിവാദം നോക്കൂ..വീടിന് പൊടുന്നനെ പുതിയ അവകാശികള്‍ അവതരിക്കുന്നു..അതില്‍ ഒരാള്‍ ലീഗിന്റെ പ്രമുഖനായ നേതാവ്.ഷാജിയുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളിയാണ് അദ്ദേഹം.ലീഗ് നേതാക്കള്‍ തന്നെയാണ് ശ്രീ ഷാജിയുടെ ബിസിനസ്സ് പങ്കാളികളും. മുസ്ലിംലീഗ് വിമര്ശിക്കപ്പെടാന് പാടില്ലാത്ത വിശുദ്ധ പശുവാണെന്ന് പ്രതീതിയുണ്ടാക്കി ഇനിയും ഇവരെ രക്ഷപെടാന്‍ അനുവദിക്കരുത്.പുതിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ആരോപണം ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ പതിവ് ഇരവാദത്തിനെതിരെ സമൂഹം കരുതിയിരിക്കണം. ലീഗിന്റെ കള്ളപ്പണ കഥകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ