ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നത്. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച് വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. അത്തരത്തിലൊരു ആശങ്കയും വേണ്ടെന്ന് പല തവണ വ്യക്തമാക്കിയിട്ടും എന്തിനാണ് ആശങ്കയെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും ഒരു രൂപ പോലും കുറയാതെ വിതരണം ചെയ്യുമെന്നും പല തവണ വ്യക്തമാക്കിയിട്ടും ആശങ്ക ഉയര്‍ത്തുന്നത് ചില തല്‍പ്പര കക്ഷികളുടെ താത്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരം ആശങ്കകള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദം സംബന്ധിച്ച് യു.ഡി.എഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. വിധിയും സംസ്ഥാനസര്‍ക്കാര്‍ തീരുമാനവും കോണ്‍ഗ്രസ് ആദ്യം സ്വാഗതംചെയ്തിരുന്നു. പിന്നീട് ലീഗിന്റെ എതിര്‍പ്പ് ശക്തമായതോടെ കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും സഭയില്‍ ഒറ്റ നിലപാട് മതി എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.