പനയാല്‍ പള്ളാരത്തെ ഉദുമ ഗവ. കോളേജ് മികച്ചകലാലയമാക്കും, പുതിയ കോഴ്സ് തുടങ്ങും.കിഫ്ബി അനുവദിച്ചത് 7.75കോടികോളേജില് യോഗം വിളിച്ച് എം എല്‍ എ സി. എച്ച്. കുഞ്ഞമ്പു
ഉദുമ:ഉദുമ ഗവ. കോളേജിന്റെ സമഗ്ര വികസനത്തിനായി ഇടപെടുമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. പനയാല്‍ പള്ളാരത്തെ കോളേജ് കാമ്പസ് സന്ദര്‍ശിച്ച എംഎല്‍എ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി. പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ലഭ്യമാക്കും. ഡിപ്പാര്‍ട്ട്മെന്റ് പ്ലാന്‍ ഫണ്ട്, കാസര്‍കോട് വികസന പാക്കേജ്, എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട് തുടങ്ങിയവയില്‍ നിന്ന് തുക കണ്ടെത്താന്‍ ധാരണയായി.
കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ക്യാമ്പസ് കെട്ടിടത്തിലായിരുന്നു നേരത്തെ കോളേജ്. പള്ളാരത്ത് 7.50 ഏക്കര്‍ റവന്യൂ ഭൂമി കോളേജിനായി നല്കി. ഈ സ്ഥലത്ത് 2016 ല്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്നുകോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. രണ്ട് നില കെട്ടിടത്തിന്റെ താഴെ നിലയില്‍ എട്ട് ക്ലാസ് റൂം, പ്രിന്‍സിപ്പല്‍ റൂം, സ്റ്റാഫ് റൂമും എന്നിവയും ഒന്നാം നിലയില്‍ വലിയ നാല് ക്ലാസ് മുറികളുമാണുള്ളത്. ബിഎ ഹിസ്റ്ററി, ഇംഗ്ലീഷ്, ബികോം, പിജി കോഴ്സുകളിലായി 300 ഓളം കുട്ടികള്‍ പഠിക്കുന്നു. ബിഎസ്സി മാത്സ്, ഫിസിക്സ്, ബിബിഎം, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് കോഴ്സുകള്‍ എന്നിവ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം എംഎല്‍എ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
പുതിയ അക്കാദമിക്ക് ബ്ലോക്ക്, ലൈബ്രറി, സെമിനാര്‍ ഹാള്‍, ലാബ് എന്നിവയുടെ നിര്‍മാണത്തിന് കിഫ്ബി 7.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനകം മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി ഉദുമ കോളേജിനെ ഉയര്‍ത്താനുള്ള പിന്തുണ എംഎല്‍എ വാഗ്ദാനം ചെയ്തു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പ്രകാശ്കുമാര്, പിടിഎ വൈസ് പ്രസിഡന്റ് വി വി സുകുമാരന്‍, കോളേജ് സീനിയര്‍ സൂപ്രണ്ട് സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.