ഡിജിറ്റല്‍ ചലഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വിതരണം ചെയ്ത് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്
അജാനൂർ : ഡിജിറ്റൽ ചലഞ്ചിന്റെ ഭാഗമായി അജാനൂർ ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത പത്ത് മൊബൈലുകളാണ് പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്കൂൾ പഠനം ഓൺലൈനിൽ ആയതിനെ തുടർന്ന് ഡിജിറ്റൽ വിടവ് നികത്തുന്നതിനായി ഓരോ വിദ്യാർത്ഥിക്കും ഡിജിറ്റൽ ഉപകരണം ഉണ്ടാവണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും സ്കൂൾ തലത്തിലും സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരികയാണ്. സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെയാണ് ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിനിടയിലാണ് ഒരുപാട് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന റോട്ടറി ക്ലബ് ഡിജിറ്റൽ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. അജാനൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. ഫോണുകൾ ഡോക്ടർ രാഘവേന്ദ്ര പ്രസാദ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് , സ്ഥിരം സമിതി ചെയർമാൻമാരായ കെ. കൃഷ്ണൻ മാസ്റ്റർ , ഷീബ ഉമ്മർ എന്നിവർ സംസാരിച്ചു.റോട്ടറി ക്ലബ് ഭാരവാഹികളായ എം കെ വിനോദ്, സി ഗിരീഷ് നായർ , എൻ സുരേഷ്, എം വിനോദ് , സജീവ് ജോസ് എന്നിവർ സംബന്ധിച്ചു . എം വിനോദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വി കുഞ്ഞികണ്ണൻ നന്ദിയും രേഖപ്പെടുത്തി