യു ഡി എഫ് സര്‍ക്കാര്‍ മഞ്ചേശ്വരത്തുനിന്ന് നാടുകടത്തിയ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു എം എല്‍ എസൃഷ്ടിച്ചത് പുതിയ ചരിത്രം
ഉദുമ:
കപ്പൽ ജോലിക്കുള്ള കോഴ്സുകൾ ഉൾപ്പെടുന്ന മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഉദുമയിൽ ആരംഭിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. ഇന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ചോദ്യത്തിന് ധനാഭ്യർഥന ചർച്ചയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
ജില്ലയിൽ ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലായി നൂറു കണക്കിന് കപ്പൽ ജോലിക്കാരുണ്ട്. കോഴ്സുകളും പരിശീലനവും പൂർത്തിയാക്കാൻ മുബൈയിലും കൊച്ചിയിലും പോകേണ്ടി വരുന്നു. വലിയ ചെലവാണ് ഇതിനായി വരുന്നത്. ജില്ലയിൽ മാരിടൈം കോഴ്സ് ആരംഭിച്ചാൽ ചെറിയ ചെലവിൽ കൂടുതലാളുകൾക്ക് പഠനം നടത്താനാകുമെന്നാണ് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടത്.
മുമ്പ് സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരിക്കെ അന്നത്തെ എൽ ഡി എഫ് സർക്കാർ ഉപ്പളയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരുന്നു. ബന്തിയോട് വാടക കെട്ടിടത്തിൽ പഠനം ആരംഭിച്ചതാണ്. രണ്ട് ബാച്ച് ക്ലാസ് പൂർത്തിയാക്കി. തുടർന്ന് വന്ന യുഡിഎഫ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂരിലേക്ക് മാറ്റി. അന്ന് ജില്ലയ്ക്ക് നഷ്ടമായ ഇൻസ്റ്റിറ്റ്യൂട്ട് ഉദുമയിൽ സ്ഥാപിക്കണമെന്നാണ് നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് വരുന്നതോടെ ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും തൊഴിലവസരം ഒരുക്കാനും കഴിയും.
അതേസമയം സംസ്ഥാനത്ത് കപ്പൽ ജീവനക്കാരിൽ ഭൂരിഭാഗവുമുള്ള ജില്ലയിൽ ജോലിക്കായുള്ള അനുബന്ധ കോഴ്സുകൾ ചെയ്യുന്നതിനായി മരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കണമെന്ന് മർച്ചന്റ് നേവി അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ട് സി എച്ച് കുഞ്ഞമ്പു എംഎൽഎ, തുറമുഖ വകുപ്പ് എന്നിവർക്ക് നിവേദനം നൽകി. ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള വൈദ്യ പരിശോധനയ്ക്കായി ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അംഗീകൃത മെഡിക്കൽ സെന്റർ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ രണ്ടു ആവശ്യങ്ങൾക്കും ജില്ലയിലുള്ളവർ കൊച്ചി, ചെന്നൈ, മുംബൈ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.
ജില്ലാ സെക്രട്ടറി പി വി ജയരാജ്, പ്രസിഡന്റ് രാജേന്ദ്രൻ മുദിയക്കാൽ, രാജേഷ് ചന്തു ബേക്കൽ, വിജയകുമാർ മാങ്ങാട്, വിനോദ് പൊയിനാച്ചി, സുനിൽ കൊക്കാൽ, സുജിത് ബാലകൃഷ്ണൻ, രതീശൻ കുട്ടിയൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.