നാലുവർഷം മുൻപ് മർദിച്ചതിന്റെ പകയിൽ യുവാവിനെ കൊന്നു; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
പള്ളുരുത്തി: കുമ്പളങ്ങിയിൽ യുവാവിനെ കൊലപ്പെടുത്തി ചാലിൽ കുഴിച്ചിട്ട കേസിൽ യുവതി ഉൾെപ്പടെ രണ്ടുപേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി പുത്തങ്കരിവീട്ടിൽ സെൽവൻ (53), കുമ്പളങ്ങി തറേപ്പറമ്പിൽ വീട്ടിൽ ഒന്നാംപ്രതി ബിജുവിെൻറ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേർന്ന് പഴങ്ങാട്ടുപടിക്കൽ ആൻറണി ലാസറിനെ (39) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലാസറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് 21 ദിവസങ്ങൾക്കുശേഷം ലാസറിെൻറ മൃതദേഹം ഒന്നാംപ്രതി ബിജുവിെൻറ വീടിനടുത്തുള്ള ചാലിൽ അഴുകിയനിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച ലാസറും സഹോദരനും ചേർന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവർഷം മുമ്പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിെൻറ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിന് രാത്രി ഇരുവരും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് ബിജുവിെൻറ വീട്ടിലേക്ക് ലാസറിനെ എത്തിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ചുകഴിഞ്ഞ് ബിജുവും സുഹൃത്തുക്കളായ മറ്റു രണ്ട് പ്രതികളുംകൂടി ലാസറിനെ മർദിച്ചു. ഭിത്തിയിൽ തലയിടിപ്പിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. തുടർന്ന് മൃതദേഹം ബിജുവിെൻറ വീടിനു സമീപത്തുള്ള വരമ്പത്ത് കുഴികുത്തി മൂടുകയായിരുന്നു. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് രണ്ടു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം ഊർജിതമാക്കിയുണ്ടെന്നും പൊലീസ് പറഞ്ഞു.