സത്യസായിട്രസ്റ്റ് വീടുകള്‍ : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്കാന് ചീഫ് സെക്രട്ടറി ഇടപെടണം മനുഷ്യാവകാശ കമ്മിഷന്
കാസര്‍കോട് : സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്കാന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായ പശ്ചാത്തലത്തിലാണ് വീടുകളുടെ വിതരണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. വീട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്തിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നല്കിയ ഉത്തരവില്‍ പറയുന്നു. നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം ചീഫ് സെക്രട്ടറിയും കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എന്‍.ആനന്ദകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാസര്‍കോട്ട് നടന്ന തെളിവെടുപ്പില്‍ കമ്മിഷന് സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും വാദം കേട്ടു. കാലതാമസത്തിനുള്ള ന്യായീകരണം കളക്ടര്‍ സമര്‍പ്പിച്ചു. 2017-ല്‍ നിര്‍മിച്ച വീടുകള്‍ എന്ഡോസര്ഫാന് ഇരകള്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ അധികൃതര്‍ വരുത്തിയ വീഴ്ച ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
കാസര്‍കോട്ടെ അഞ്ചരഏക്കറില് 45 വീടുകളാണ് ട്രസ്റ്റ് നിര്‍മിച്ചുനല്‍കിയത്. അതിനായി കോടിക്കണക്കിന് രൂപ ചെലവാക്കി. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ ഗവര്‍ണറാണ് നാടിന് സമര്‍പ്പിച്ചത്. 22 വീടുകള്‍ മുഖ്യമന്ത്രി ഇരകള്‍ക്ക് കൈമാറി. 23 വീടുകളാണ് ഇനി അനുവദിക്കാനുള്ളത്. ഇത്രയധികം വീടുകള്‍ ആവശ്യകാര്‍ക്ക് നല്‍കാത്തതിന് കാരണം ജില്ലാ അധികൃതരുടെ അനാസ്ഥയാണെന്ന് പരാതിക്കാരന് കുറ്റപ്പെടുത്തി.