ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ ആഫിക്കൻ പൗരൻ മരിച്ചു; പോലീസ് സ്റ്റേഷന് ഉപരോധിച്ച് സുഹൃത്തുക്കള്‍, മരിച്ചത് മയക്കുമരുന്ന് കേസിലെ പ്രതി
ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ വിദേശി മരിച്ചു. ആഫ്രിക്കന്‍ വംശജനായ ജോയല്‍ മല്ലു എന്ന കോംഗോ പൗരനാണ് മരിച്ചത്. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് ജെ.സി നഗര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയല്‍ മല്ലു മരിച്ചതായുള്ള വിവരം ഇയാളുടെ കൂടെയുള്ള ആഫ്രിക്കന്‍ പൗരന്മാരെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവിലുള്ള ആഫ്രിക്കന്‍ പൗരന്മാര് പോലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്. നേരത്തെ പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ച ആഫ്രിക്കന്‍ പൗരന്മാരെ പോലീസ് മര്‍ദ്ദിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു.
പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ജോയല്‍ മല്ലു പൂര്‍ണ ആരോഗ്യവാനായിരുന്നു. കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് ജീവന് നഷ്ടമായതെന്ന് അറിയണമെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധിക്കുന്ന ആഫ്രിക്കന്‍ പൗരന്മാരുടെ ആവശ്യം.