ഈശോ എന്ന പേര് മാറ്റില്ല ; സിനിമ പുറത്തിറങ്ങിയശേഷം മത വികാരം വ്രണപ്പെട്ടാല്‍ ഏത് ശിക്ഷയ്ക്കും തയ്യാറാണെന്ന് നാദിര്‍ഷ
കൊച്ചി : ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന് നാദിര്‍ഷ. ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചില ക്രിസ്ത്യന്‍ സംഘടനകളും, വൈദികരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ വിശദീകരണവുമായി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത് .
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ പറയുന്നു . ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന് ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല .സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന് മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു.
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന് എന്ന നിലക്ക് ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല താന്‍ . ‘കേശു ഈ വീടിന്റെ നാഥന് ‘ ഈശോ ‘ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെത്തുന്നുവെങ്കില് നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു .