കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചുകൊന്നു; പ്രതിയെ 205 വര്‍ഷം തടവിന് വിധിച്ച് കോടതി
യുഎസ്: കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചുകൊന്നയാള്ക്ക് 205 വര്‍ഷം തടവ്. കുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ വിളിച്ചുവരുത്തി സ്വയം കീഴടങ്ങുകയായിരുന്നു ക്രിസ്റ്റഫര്‍ സ്റ്റോക്സ് എന്ന 44കാരന്. ഇദ്ദേഹത്തെ കോടതി കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. വിസ്കോന്‍സെന്‍ സംസ്ഥാനത്തെ മില്‍വോകി കൗണ്ടി സര്‍ക്യൂട്ട് കോടതിയാണു പ്രതി ക്രിസ്റ്റഫര്‍ സ്റ്റോക്സിനെ ശിക്ഷിച്ചത്.
41 വയസ്സുള്ള സ്ത്രീയും 20 വയസ്സില്‍ താഴെയുള്ള 4 പേരുമാണു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു സ്റ്റോക്സിന്റെ വെടിയേറ്റു മരിച്ചത്. കൊലപാതകം കണ്ടു പേടിച്ചു കരഞ്ഞ 3 വയസ്സുകാരന് പേരക്കുട്ടിയെ മാത്രം അദ്ദേഹം വെറുതെ വിട്ടു. കൊലക്കുറ്റം ഓരോന്നിനും 40 വര്‍ഷം വീതവും നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് 5 വര്‍ഷവും ചേര്‍ത്താണ് 205 വര്‍ഷം തടവ്.