ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പ്രതിയുടെ പേര് പറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് പ്രതികൾക്കൊപ്പമെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഡൽഹിയിൽ 14കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ചെയ്യുകയായിരുന്നു.
കുടുംബം പരാതി നൽകിയിട്ടും പൊലീസ് നിസ്സംഗത കാണിക്കുകയാണെന്നും ഒരു പ്രതിയുടെ പേര് മൊഴിയിൽ പറയരുതെന്ന് പൊലീസ് നിർബന്ധിച്ചതായും കുടുംബം പറയുന്നു.
ഗാസിയാബാദിലെ ഒമ്പതാം ക്ലാസുകാരിയാണ് അക്രമത്തിന് വിധേയമായത്. പ്രതികളിലൊരാളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ജൂലൈ 27ന് ഇയാൾ പെൺകുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് പാർക്കിലേക്ക് പോകുകയും മറ്റു മൂന്നു പ്രതികളെ പരിചയപ്പെടുത്തുകയുമായിരുന്നു. 20 കാരായ പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ഡൽഹി കോണ്ട്ലിയിലെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. അക്രമത്തിന് ശേഷം പെൺകുട്ടിയെ മെയിൻ റോഡിൽ ഇറക്കിവിട്ടു. അക്രമം പുറത്തുപറഞ്ഞാൽ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു.
പരാതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.