അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നിയമനം:
യൂത്ത് ലീഗ് ആരോപണം അടിസ്ഥാന രഹിതം
അജാനൂർ : അജാനൂർ കുടുബാരോഗ്യ കേന്ദ്രത്തിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം നടത്തിയിട്ടില്ല. അതുമാത്രമല്ല അവിടെ ഈ അടുത്ത കാലത്തായി ഒരു സ്ഥിര നിയമനം പോലും നടന്നിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്കാലിക നിയമനങ്ങൾ നടത്തുന്നത് എൻ എച്ച് എം വഴിയാണ്. വാക്സിനേഷനും ആർ ടി പി സി ആർ ടെസ്റ്റും എല്ലാ ദിവസവും നടത്തുന്നതിനാൽ നിലവിലെ സ്റ്റാഫിന്റെ സേവനം മതിയാകാതെ വന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മറികടക്കാൻ അതത് സ്ഥലത്തെ മെഡിക്കൽ ഓഫീസർമാർക്ക് കോവിഡ് ബ്രിഗേഡ് ലിസ്റ്റിൽ താല്ക്കാലിക നിയമനം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ താല്കാലിക നിയമനങ്ങൾ നടത്തിയത്. ഈ നിലയിൽ തന്നെയാണ് അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും നിയമനം നടത്തിയിട്ടുള്ളത് അവരുടെ കാലവധി തീരുന്നമുറയ്ക്ക് സ്വാഭാവികമായും പിരിഞ്ഞു പോകും. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെ ബോധപൂർവ്വം രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടുള്ള ഇടപെടലാണ് യൂത്ത് ലീഗ് നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി.