തലപ്പാടി അതിര്‍ത്തിയില്‍ മലയാളികളുടെ പ്രതിഷേധമിരമ്പി,
കർണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു
കാസര്‍കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടക ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണത്തില്‍ തലപ്പാടി അതിര്‍ത്തിയില്‍ മലയാളികളുടെ പ്രതിഷേധം. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യാത്രക്കാര്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ അടക്കം തടഞ്ഞിട്ടു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും ആര്.ടി.പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാക്കി, അതിര്‍ത്തിയില്‍ പരിശോധ നടത്താമെന്ന് പറഞ്ഞ അധികൃതര്‍ രാവിലെ 10 മണിയോടെ കൗണ്ടര്‍ അടച്ചു, അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച ഒരാളെ മംഗലൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
സൂചനാ സമരമാണിതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഒന്നര വര്‍ഷമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മഞ്ചേശ്വരം സി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. 20 മിനിറ്റോളം പ്രതിഷേധിച്ചവര്‍ പിന്നീട് സമരം അവസാനിപ്പിച്ചു. വാഹന ഗതാഗതം പുനരാരംഭിച്ചു.