ഓണക്കാല ലഹരിവേട്ട ഊർജിതം,പാലിയേക്കര ടോള്‍പ്ലാസയില്‍ 144 കിലോ കഞ്ചാവ് പിടികൂടി: രണ്ടുപേര്‍ പിടിയില്‍
പാലിയേക്കര: ടോള്‍പ്ലാസയില്‍ വന്‍ കഞ്ചാവ് വേട്ട. മിനിലോറിയിലെ രഹസ്യ അറയില്‍ കടത്തുകയായിരുന്ന 144 കിലോ കഞ്ചാവ് കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന പട്ടാമ്പി ഓങ്ങല്ലൂര്‍ തെക്കേപുരയ്ക്കല്‍ ഷണ്മുഖദാസ് (27), ഷൊര്‍ണൂര്‍ പരുത്തിപ്ര ഇടത്തൊടി അരുണ്‍ (27) എന്നിവരെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടി. കഞ്ചാവ് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
രഹസ്യവിവരത്തെത്തുടര്‍ന്നു പാലിയേക്കര ടോള്‍പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുകോടി രൂപ ചില്ലറവിപണി വിലയുള്ളതാണ് കഞ്ചാവ്. ആന്ധ്രയില്‍നിന്നു പച്ചക്കറി കൊണ്ടുവരുന്ന ലോറിയിലാണ് കഞ്ചാവ് കടത്തിയിരുന്നത്. ലോറിയില്‍ പ്രത്യേക അറയുണ്ടാക്കി, അതിനു മുകളില്‍ പച്ചക്കറി കൊണ്ടുവരുന്ന പ്ലാസ്റ്റിക് പെട്ടികള്‍ നിരത്തിയ നിലയിലായിരുന്നു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കോടതിയില്‍ ഹാജരാക്കും.