40വർഷം ഒരു വീട്ടിൽ തന്നെ ഹൗസ് ഡ്രൈവർ ആയി സേവനം. ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ അറബ് കുടുംബത്തിൻറെ വികാരനിർഭരമായ യാത്രയയപ്പ്. കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകം
ദുബായ് : 1971ൽ രൂപീകൃതമായി ഇന്ന് കാണുന്ന ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത മണലാരണ്യയമയ യുഎഇയിലേക്ക് അധികം വൈകാതെ1978ൽ 17–ാം വയസിൽ കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി കൽപന ഹൗസിലെ അബ്ദുൽ റഹ്മാൻ കടന്നുചെല്ലുന്നത്. കാര്യമായ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തതിനാൽ ചെറുപ്പത്തിലേ ബോംബെയിലേയ്ക്കണ് ബസ് കയറിയത്. അവിടെ നിന്നു കുവൈത്ത് എയർലൈൻസിൽ 1,350 ഇന്ത്യൻ രൂപ നൽകിയാണ് ദുബായിലേയ്ക്ക് പോയത്.
ദുബായിലെ ഒരു സ്വദേശി വീട്ടിലായിരുന്നു ആദ്യമായി ജോലിയിൽ പ്രവേശിച്ചത് . നാലുവർഷം തുടർച്ചയായി ഇവിടെ ജോലി ചെയ്തു.തുടര്ന്ന് 1982 ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി തലസ്ഥാന നഗരിയായ അബുദാബിയിലെത്തി. അവിടെയും സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലിക്ക് കയറുമ്പോൾ സുദീർഘമായ ഒരു കാലഘട്ടത്തിൻറെ ആരംഭമാണെന്ന് ഇദ്ദേഹം കരുതിയിരുന്നില്ല. കുട്ടികളെ സ്കൂളിലേയ്ക്കു കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരികയും കുടുംബാംഗങ്ങളെ ദുബായിലേയ്ക്കും മറ്റും കൊണ്ടുപോവുകയുമാണു പ്രധാന ജോലി. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും അടുത്ത അബ്ദുൽ റഹ് മാൻ ഏവരുടെയും പ്രിയപ്പെട്ടയാളായി മാറാൻ അധികം നാൾ വേണ്ടിവന്നില്ല. കുടുംബത്തിലെ ഒരംഗത്തെപോലെയാണ് തന്നോട് ഇന്നുവരെ എല്ലാവരും പെരുമാറിയിട്ടുള്ളതന്ന് ഇദ്ദേഹം പറയുന്നു. എല്ലാവർക്കും സ്നേഹമായിരുന്നു. പ്രായത്തിന്റേതായ ബഹുമാനവും ലഭിച്ചു. അന്ന് തോളത്ത് എടത്തു നടന്ന പലരും ഇന്നു മുതിർന്നു വലിയ ഉദ്യോഗസ്ഥരായി. അന്നത്തെ അതേ സ്നേഹവും ആദരവും ഇപ്പോഴും ലഭിക്കുകയാണ് ഇപ്പോൾ ഹൗസ് ഡ്രൈവറായി ഇവിടെ 40 വർഷം പൂർത്തിയാവുകയാണ്.
അബുദാബി അന്നൊരു മരുഭൂമിയായിരുന്നു. ഇന്നു കാണുന്ന കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളോ സൗകര്യങ്ങളോ അന്നില്ല. നല്ല തണുപ്പായിരുന്നു അന്ന്. നന്നായി മഴയും ലഭിച്ചിരുന്നു. മഴ പെയ്താല് സ്വദേശികളുടെ ചെറിയ വീടുകളിലെല്ലാം വെള്ളം കയറും. മോട്ടോർ വച്ചായിരുന്നു ആ വെള്ളം കളഞ്ഞിരുന്നത്. ഓർമകളിൽ തിരയിളക്കമുണ്ടെങ്കിലും തനിക്കും കുടുംബത്തിനും മികച്ച ജീവിതം സമ്മാനിച്ച ഈ പോറ്റമ്മ നാടിനെ വിട്ടു പോകുകയാണെന്ന്
യാഥാർത്ഥ്യം മനസ്സിനെ വേദനിപ്പിക്കുന്നു. മൂത്ത മകൻ ദിൽഷാദ് അബുദാബിയിൽ ഫാർമസിസ്റ്റായും രണ്ടാമത്തെയാൾ റിസ് വാൻ അഡ്നോക്കിൽ സൂപ്പർവൈസറും ജോലിചെയ്യുകയാണ്. പെൺമക്കളായ അയിഷത്ത് അർഷാനയും റസിയയും നല്ല രീതിയിൽ വിവാഹം കഴിച്ചു അയക്കാൻ സാധിച്ചു. അവർ ഇപ്പോൾ സന്തോഷത്തോടെ ജീവിച്ചു വരുന്നു . ഇളയ മകൻ മുഹമ്മദ് മിദ് ലാജ് പ്ലസ് ടു വിദ്യാർഥിനിയാണ്. കുടുംബത്തിലെ എല്ലാ ഭാരവും ചുമലിലേറ്റി ഞങ്ങൾ നല്ല നിലയിലെത്തിച്ച ഉപ്പ ഇനിയുള്ള കാലം നാട്ടിൽ ജീവിക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടതോടെ 64 വയസുള്ള അബ്ദുൽ റഹ്മാനും പിറന്ന നാട്ടിൽ മടങ്ങണമെന്ന് ആഗ്രഹം ഉടലെടുത്തു.
പോകരുതേ എന്ന് കുട്ടികളടക്കം ജോലി ചെയ്യുന്ന സ്വദേശി വീട്ടിലെ എല്ലാവരും അഭ്യർഥിച്ചു. വീസ റദ്ദാക്കാതെ പോയി ആറ് മാസം നാട്ടിൽ കഴിഞ്ഞ് തിരിച്ചുവരാനായിരുന്നു തൊഴിലുടമയുടെ അഭ്യർഥന. ഈ പോറ്റമ്മനാടണ് തന്നെ നെഞ്ചോട് ചേർത്തുനിർത്തിയത്. ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം വാരിക്കോരി നൽകി. അതിന്റെ സംതൃപ്തിയോടെയാണ് മടക്കാനുള്ള തീരുമാനത്തിൽ ഉറപ്പിച്ചതോടെ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായിക്കരുതിയ പ്രിയപ്പെട്ട അബ്ദുൽ റഹ്മാന്റെ യാത്രയയപ്പ് കണ്ണീര് പുരണ്ട സന്തോഷത്തോടെ വീട്ടുടമയും കുടുംബവും ആഘോഷിച്ചു. എല്ലാവരും ചേർന്നു കേക്ക് മുറിച്ചു. സമ്മാനങ്ങൾ കൈമാറി. സ്വന്തം കുടുംബത്തിൽ നിന്നു വിട്ടുപോകുമ്പോഴുള്ള ഹൃദയപിടച്ചിലാണ് അബ്ദുൽ റഹ്മാന്. മലയാളികളുടെ സത്യസന്ധതയും കഠിന അധ്വാനവുമാണ് പഴയകാലത്ത് അറബികള് മലയാളികളെ ചേർത്തുനിർത്താൻ കാരണമായത്. മറ്റാരെക്കാളും വലിയ പരിഗണനയാണ് മലയാളിക്ക് ഗൾഫ് നാടുകളിൽ ലഭിച്ചിരുന്നത്. അതിനെയൊക്കെ പ്രതിരൂപമായാ അബ്ദുറഹ്മാനെ ജന്മനാട് കാത്തിരിക്കുകയാണ്.