കുതിരകളെ കിട്ടിയില്ല കച്ചവടം പൊളിഞ്ഞു ഒടുവിൽ ഫഡ്നാവിസ് നാണംകെട്ട് പടിയിറങ്ങി
മുംബൈ : മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവച്ചു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി. 80 മണിക്കൂര്‍ മാത്രം നീണ്ട ഭരണത്തിന് ശേഷമാണ് രാജി.
ബിജെപിയെ മാറ്റിനിര്‍ത്തുക എന്നത് മാത്രമാണ് ത്രികക്ഷി സഖ്യത്തിന്റെ പരിപാടിയെന്ന് ഫഡ്നാവിസ് വിമര്‍ശിച്ചു. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശല്‍ തുടങ്ങി. കൊടുക്കാമെന്ന് പറഞ്ഞതെല്ലാം ഞങ്ങള്‍ നല്‍കുമായിരുന്നു. പക്ഷെ വാക്ക് നല്‍കാത്ത കാര്യത്തിനായി ശിവസേന വിലപേശിയെന്നും അതാണ് സഖ്യം തകരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാര്‍ രാജി വച്ചെന്ന് പ്രഖ്യാപിച്ച ഫഡ്നവിസ്, താനും രാജിവയ്ക്കുകയാണെന്ന് പറഞ്ഞു. സ്ഥിരതയുള്ള സര്‍ക്കാരല്ല മഹാരാഷ്ട്രയില്‍ ഇനി അധികാരത്തിലെത്തുകയെന്നും ആശയ വ്യത്യാസമുള്ള മൂന്ന് പാര്‍ട്ടികളാണ് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇനി വരുന്ന സര്‍ക്കാരിന് ആശംസകളെന്ന് പറഞ്ഞ അദ്ദേഹം തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നും സമ്മതിച്ചു. കുതിരക്കച്ചവടം നടത്താനില്ലെന്നും അതിനാലാണ് രാജിയെന്നും ഫഡ്നവിസ് പറഞ്ഞു.