കിഫ്ബി കൈത്താങ്ങായപ്പോൾ 30 കോടിയുടെ ശുദ്ധീകരണ ശാല ബാവിക്കരയിൽ റെഡി, കാസർകോടിന് ഇനി ഉപ്പുവെള്ളം കുടിക്കണ്ട
കാസര്‍കോട്:യു ഡി എഫ് സർക്കാർ കൈവിട്ടതിനെ തുടർന്ന് എൽ ഡി എഫ് സർക്കാർ ഏറ്റെടുത്തു നടപ്പാക്കിയ ഉദുമ നിയോജക മണ്ഡലത്തിൽ പെടുന്ന മുളിയാർ ബാവിക്കരയിലെ പുതിയ ജലശുദ്ധീകരണ ശാലയില്‍ ഇന്ന് ട്രയല്‍ റണ്‍ ആരംഭിക്കും. വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര കുടിവെള്ള വിതരണ പദ്ധതി ഭാഗികമായി ഇതോടെ പ്രവർത്തനക്ഷമമാകും . ശനി, ഞായര്‍ ദിവസങ്ങളിലാണ് ട്രയല്‍ റണ്‍. 55 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ളതാണ് ബാവിക്കരയില്‍ നിര്‍മിച്ച ശുദ്ധീകരണ ശാല. 30 കോടി ചെലവിട്ടാണ് പ്ലാന്റ് നിര്‍മിച്ചത്. കാസര്‍കോട് നഗരസഭ, മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള 76 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെ ഭാഗമാണിത്. നേരത്തെയുള്ള വിതരണ ശൃംഖല വഴിയിലാണ് കുടിവെള്ളം വിതരണം ചെയ്യുക. 1976 ല്‍ കമീഷന് ചെയ്തതാണ് നിലവിലുള്ള കാസര്‍കോട് കുടിവെള്ള പദ്ധതി. ബാവിക്കരയിലെ പമ്പ് ഹൗസും വിദ്യാനഗര്‍, ചെര്‍ക്കള, ബാവിക്കര എന്നിവിടങ്ങളിലുള്ള ശുദ്ധീകരണശാലകളും അന്നത്തേതാണ്. വിദ്യാനഗറില്‍ എട്ട് ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയാണുള്ളത്. കാസര്‍കോട് നഗരസഭ, മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂരിന്റെ ചെറിയഭാഗം എന്നിവിടങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. ഇതിനായി 10 മുതല്‍ 12 ദശലക്ഷം ലിറ്റര്‍ വെള്ളം ദിവസവും മതി. പുതിയ പ്ലാന്റില്‍ 350 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകളുണ്ട്. നിലവിലുള്ള പ്രവര്‍ത്തനത്തിന് ഒന്നുമതി. രണ്ട് ട്രാന്‍സ്ഫോര്‍മറുകളോട് കൂടിയ സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ണമായി വൈകാതെ കമീഷന് ചെയ്യും. ബോവിക്കാനം, ചെര്‍ക്കള, ഇരിയണ്ണി, മൊഗ്രാല്‍പുത്തൂര്‍ ബദ്രടുക്ക, മധൂര്‍ പാറക്കട്ട, കാസര്‍കോട് പുലിക്കുന്ന് എന്നിവിടങ്ങളില്‍ ജലസംഭരണ ടാങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍, ദേളി എന്നിവിടങ്ങളില്‍ ടാങ്ക് നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. വിദ്യാനഗര്‍ കെഎസ്ഇബി സബ്സ്റ്റേഷനിനില്‍ നിന്ന് ബാവിക്കരയിലേക്കുള്ള വൈദ്യുതി കേബിളുകള്‍ എത്തിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകണം. മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന് മുഖേന വീടുകളിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പദ്ധതിയായിട്ടുണ്ട്.