കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹർജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനും ഡി.ജിപിക്കും സി.ബി.ഐ ഡയറക്ടര്‍ക്കും നോട്ടീസയച്ചു. ഷുഹൈബ് വധക്കേസിന് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മാതാപിതാക്കളായ സി.പി.മുഹമ്മദും റസിയയും സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കേസ് പരിഗണിച്ചപ്പോള്‍ ആറ് മാസത്തിനകം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹർജിക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. വധക്കേസിലെ പ്രതികൾ സി.പി.എം പ്രവര്‍ത്തകരാണ്.