കൊച്ചിക്കാരിയായ വീട്ടമ്മയെ ഒരു ലക്ഷം വാങ്ങി അറബിക്ക് വിറ്റെന്ന് പരാതി, രണ്ട് പേർക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു
വൈപ്പിൻ: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ ഖത്തറിൽ എത്തിച്ച വീട്ടമ്മയെ അറബിക്ക് വിറ്റെന്ന പരാതിയിൽ ഞാറക്കൽ പൊലീസ് മനുഷ്യകടത്തിന് കേസെടുത്തു. ഞാറക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന 45 കാരിയുടെ പരാതിയിൽ ഗൾഫിലേക്ക് വിസ തരപ്പെടുത്തികൊടുക്കുന്ന ഏജന്റുമാരായ ചാവക്കാട് സ്വദേശി സലിം, സക്കീർ എന്നിവർക്കെതിരെയാണ് കേസ്.23,000 രൂപ ശമ്പളമുള്ള ജോലിയും ഭക്ഷണവും മരുന്നും വാഗ്ദാനം ചെയ്താണ് കഴിഞ്ഞ വർഷം മാർച്ച് 4 ന് വീട്ടമ്മയെ പ്രതികൾ ഖത്തറിൽ എത്തിച്ചത്. അവിടെയെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടുകാർ മർദ്ദനം തുടങ്ങി. ഏജന്റുമാരെ വിളിച്ചറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടെ ഒരു ലക്ഷം രൂപക്ക് ഏജന്റുമാർ തന്നെ വിറ്റതാണെന്ന് അവിടെയുള്ള ഒരു സ്ത്രീയിൽ നിന്ന് അറിഞ്ഞെന്നും വീട്ടമ്മ പറയുന്നു. തുടർന്ന് നാട്ടിലേക്ക് തിരിച്ച് പോരാൻ ശ്രമിച്ചു. ഒരു വർഷവും നാല് മാസവും പിന്നിട്ടപ്പോൾ പൊതുപ്രവർത്തകർ ഇടപെട്ട് നാട്ടിൽ എത്തിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ നിയമ നടപടിക്കൊപ്പം പീഡനങ്ങൾക്ക് നഷ്ടപരിഹാരവും വേണമെന്ന് വീട്ടമ്മ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.