‘അമ്മയെ പെട്രോളൊഴിച്ച് കത്തിക്കും, അച്ഛനെ വാഹനമിടിപ്പിച്ച് കൊല്ലും’: വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പനയിലെ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്ഐ ക്ലാപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘട നേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന് പങ്കെടുത്തിരുന്നതായി ചിലര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഡി വൈഎഫ്ഐക്കു വേണ്ടി സജീവമായി ഇടപെട്ടിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.