ഫലപ്രാപ്തി കൂടുമോ…? കൊവാക്സിനും കോവിഷീല്‍ഡും സംയോജിപ്പിച്ച് പരീക്ഷണത്തിന് ശുപാര്‍ശ
ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ സംയോജിപ്പിക്കാൻ വിദഗ്ധ സമിതി ശുപാർശ. ഇന്ത്യയിൽ കോവിഷീൽഡും കൊവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. വെല്ലൂർ മെഡിക്കൽ കോളേജിനാണ് പരീക്ഷണത്തിന് പച്ചക്കൊടിയാവുന്നത്.
വാക്സിനുകൾ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഈ നിർദേശങ്ങൾക്ക് അന്തിമാനുമതി നൽകിയിട്ടില്ല. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റേതാണ് ശുപാർശ.
ഇത് ആദ്യമായാണ് രാജ്യത്ത് വാക്സീനുകൾ സംയോജിപ്പിച്ച് പരീക്ഷണം നടത്തുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വാക്സിനുകൾ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.