കൊല്ലം കടപുഴയില്‍ യുവതിയുടെ ആത്മഹത്യ;സ്ത്രീധനത്തെ ചൊല്ലിയുളള ഭര്തൃവീട്ടുകാരുടെമാനസികപീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതി
കൊല്ലം: കുണ്ടറയില്‍ കടപുഴ പാലത്തിൽനിന്ന് കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. സ്ത്രീധനത്തെ ചൊല്ലിയുളള ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് രേവതിയുടെ ബന്ധുക്കളുടെ ആരോപണം.
പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതി കൃഷ്ണനാണ് മരിച്ചത്. കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ കരയ്ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ: നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭർതൃവീട്ടിലെത്തിയപ്പോള് ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.