കാഞ്ഞങ്ങാട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് തുടക്കമായി
കാഞ്ഞങ്ങാട് : അതിജീവനത്തിന്റെ പോരാട്ട വീഥിയിൽ വ്യത്യസ്തമായ സേവനം നൽകിക്കൊണ്ട് ശ്രദ്ധ നേടുകയാണ് കാഞ്ഞങ്ങാട് നഗരസഭയിലെ ഡൊമിസിലിയറി കെയർ സെന്റർ.നഗരസഭയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐ ജി സേതുരാമൻ ഐ.പി.എസ്,ഡി വൈ എസ് പി ഡോ: ബാലകൃഷ്ണൻ എന്നിവർ നഗരസഭയിലെത്തിയിരുന്നു. നാൽപത്തിമൂന്ന് വാർഡിലേയും കോവിഡ് ബാധിതർക്ക് വേണ്ട പരിചരണം നൽകുന്നതിനായി ചെമ്മട്ടംവയൽ പ്രീമെട്രിക്ക് ഹോസ്റ്റൽ, പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് കെയർ സെൻ്റർ പ്രവർത്തിക്കുന്നത്.
രോഗം ബാധിച്ച് ഇവിടെയെത്തുന്നവർക്ക് വേണ്ട എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും സജ്ജമായ ഈ സെന്ററിൽ ഓക്സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസുകൾ ഏതുസമയത്തും ലഭ്യമാണ്.കൃത്യമായ സമയം നിശ്ചയിച്ച് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും മുഴുവൻ ആളുകൾക്കും എല്ലാദിവസവും നൽകിവരുന്നു.നഗരസഭ നിശ്ചയിച്ച കെയർടേക്കർമാരുടെ
നേതൃത്വത്തിലുള്ള ടീമാണ് ഡി സി സിയുടെ ഔദ്യോഗിക ചുമതല നിർവ്വഹിക്കുന്നത്.അന്യസംസ്ഥാന അതിഥി തൊഴിലാളികളടക്കം എഴുപത്തിയഞ്ചോളം കോവിഡ് ബാധിതർക്ക് തുണയാകാൻ ഈ കെയർ സെൻ്ററിന് സാധിച്ചു. വാർഡ് ജാഗ്രതാ സമിതികളുടെയും ആശാവർക്കർമാരുടെയും ആർ ആർ ടി അംഗങ്ങളുടെയും സേവനമാണ് ഡിസിസിയുടെ തൃപ്തികരമായ നടത്തിപ്പിന് മുതൽക്കൂട്ട്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെന്ററിന്റെ രാത്രികാല ചുമതല കെയർടേക്കർമാർക്കാണ്.നഗരസഭ ചെയർപഴ്സൺ, സ്ഥിരം സമിതി ചെയർപേഴ്സൻമാർ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ എല്ലാദിവസവും ഡി സി സി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നു.
പൂർണ ആരോഗ്യത്തോടെയാണ് ചികിത്സ തേടിയവർ ഇവിടെ നിന്നും തിരിച്ച് അവരുടെ വീടുകളിലേക്ക് പോകുന്നത് എന്നത് സെന്റർ നടത്തിപ്പിനായി മുഴുവൻ സമയം ചെലവഴിച്ചവർക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും കോവിഡ് വ്യാപനത്തിൻ്റെ തോത് കുറച്ച് കൊണ്ടുവരുന്നതിന് രോഗലക്ഷണമുള്ളവർ ഡൊമിലിസിലിയറി കെയർ സെൻ്ററുകളിലേക്ക് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അഭ്യർത്ഥിച്ചു.