കോവിഡ് കാലത്തും പ്രമോദ് മാഷ് തിരക്കിലാണ്ഓണ്ലൈന് ക്ലാസുകള് വിദേശ വിദ്യാര്ഥികള്ക്കു വരെ പ്രിയം
ചെറുവത്തൂർ : കോവിഡ് കാലത്തും പ്രമോദ് മാഷ് തിരക്കിലാണ്. കൊവ്വൽ എ.യു.പി.സ്കൂൾ ചിത്രകലാ അധ്യാപകനായ പ്രമോദ് അടുത്തിലയുടെ സേവനം സ്കൂളിൽ മാത്രം ഒതുങ്ങുന്നില്ല. ഗൂഗിൾ – സൂം മീറ്റിലൂടെയുള്ള അദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസുകൾ വിദേശ വിദ്യാർഥികൾക്കു വരെ പ്രിയം.
പാവ നിർമ്മാണത്തിൽ താൻ നേടിയ വൈദഗ്ധ്യം നാടാകെ കൈമാറാൻ വേണ്ടി മാത്രം ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പയ്യന്നൂർ അന്നൂരിലുള്ള വീട്ടിൽ വലിയ പണം മുടക്കി ഒരു സ്റ്റുഡിയോ തന്നെ നിർമ്മിച്ചിരിക്കയാണ് മാഷ്. ഡയറ്റ് ‘ട്രെയിനിംഗ് സ്കൂൾ ,ബി ആർ സി , അധ്യാപക പരിശീലന ശില്പശാലകൾ….. സ്റ്റുഡിയോ രാവിലെ തുറന്നാൽ അടയ്ക്കാൻ രാത്രി ഏറെ വൈകും. ദിവസത്തിൽ അഞ്ചും ആറും പരിശീലനങ്ങൾ. സംസ്ഥാനത്തെ നഴ്സറി തൊട്ട് ഹയർ സെക്കണ്ടറി മേഖല വരെ നീളുന്നു ‘വിദ്യാർഥികൾ ‘.
പാവനിർമ്മാണ മേഖലയിലെ സംസ്ഥാനത്തെ തന്നെ മികച്ച പരിശീലകനായ പ്രമോദ് മാഷിന്റെ ക്ലാസുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല നാട്ടിലെ കലാസമിതികളും ഗ്രന്ഥശാലകളിലും വേണം. പ്രമോദ് നേതൃത്വം കൊടുത്ത പാവനിർമ്മാണ – പ്രവൃത്തി പരിചയ ശില്പശാലകൾ തന്നെ രണ്ടായിരത്തിലധികം വരും.
മുപ്പത്തിമൂന്നു വർഷമായി ചിത്രകലാധ്യാപകനായി ജോലി ചെയ്യുന്നു.
എൻ.സി.ഇ.ആർ.ടി.യുടെ കലാവിഭാഗം മാസ്റ്റർ ട്രെയിനർ,
സി.സി.ആർ.ടി.യുടെ ടീച്ചർ ട്രെയിനർ,
എസ്.സി.ഇ.ആർ.ടി.യുടെ റിസോർസ് പേഴ്സൺ,
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ പാവനിർമാണപരിശീലകൻ,
‘സീമാറ്റി’ൽ പ്രവൃത്തി പഠനം റിസോർസ് പേർസൺ,
ഡി.പി.ഇ.പി.യിൽ മലയാള ഡി.ആർ.ജി.,
‘ഡയറ്റി’ന്റെ ലൈബ്രറി ശാക്തീകരണം റിസോർസ് പേർസൺ,
എസ്.എസ്.എ.യിൽ സാമൂഹ്യശാസ്ത്രം ഡി.ആർ.ജി.,
വിദ്യാഭ്യാസ വകുപ്പിന്റെ മാനേജ്മെന്റ് ട്രെയിനിംഗിൽ പരിശീലകൻ പ്രമോദ് മാഷിന്റെ ചുമതലകളുടെ പട്ടിക നീളുകയാണ്.
പ്രവൃത്തിപരിചയ അധ്യാപക പരിശീലനത്തിനായി ആദ്യമായി നടത്തിയ കോർ എസ്.ആർ.ജി.യിൽ പരിശീലനമൊഡ്യൂൾ തയ്യാറാക്കിയ സമിതിയിലെ ഏക അധ്യാപകനായിരുന്നു.
ഉപജില്ലാ-ജില്ലാ പ്രവൃത്തിപരിചയമേളകളുടെ ചുമതലക്കാരനായും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
പ്രവൃത്തിപരിചയ ക്ലബ്ബ് അസോസിയേഷൻ ജില്ലാ സെക്രട്ടറി,
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ,
വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാഭ്യാസ ജില്ലാ കൺവീനർ എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ,
ചെറുവത്തൂർ ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
2020ലെ സംസ്ഥാന അധ്യാപക അവാർഡ്,
ഓൾ ഇന്ത്യാ അവാർഡീ ടീച്ചേർസ് ഫെഡറേഷന്റെ ദേശീയ ‘ഗുരുശ്രേഷ്ഠ’ അവാർഡ്,
തുളുനാട് മാസികയുടെ ‘സംസ്ഥാന വിദ്യാഭ്യാസ അവാർഡ് ‘,
പി.അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക പ്രഥമ ‘സംസ്ഥാന അധ്യാപക അവാർഡ് ‘,
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ‘സംസ്ഥാന പോസ്റ്റർ രചനാ’ പുരസ്കാരം
എന്നിവ നേടിയിട്ടുണ്ട്.
വിക്ടേർസ് ഓൺലൈൻ ക്ലാസ്സിനാവശ്യമായ പഠനോപകരണങ്ങൾ തത്സമയം നിർമിച്ചു നൽകിയതും പാവനാടകമവതരിപ്പിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു.
പഴയങ്ങാടി അടുത്തിലയിലെ പരേതനായ കെ.രാഘവൻ നായരുടെയും പി.വി.തങ്കം ടീച്ചറുടെയും മകനാണ്.
ഭാര്യ എ.കെ.രസിത കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു.
മകൻ ജിഷ്ണുപ്രമോദ് തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക്. നേടി.