നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഇല്ല നിങ്ങളാണ് മലയാളികളെ തലയുയര്‍ത്തി നിര്‍ത്താനുള്ള സാഹചര്യമൊരുക്കിയത് അതുകൊണ്ടുതന്നെ നിങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു കേരളത്തില്‍ ആദ്യമായി പ്രവാസികള്‍ക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍
കാസര്‍കോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ സജീവ ചർച്ചകളിലെക്ക് എത്തിക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ നിരവധി ചർച്ചകളിലാണ് പങ്കെടുത്തത്. കേരളത്തെ കേരളം ആക്കിയ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവഗണിച്ചു മുന്നോട്ടു പോവാൻ സാധിക്കില്ലെന്നും ഇത് പ്രവാസികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിൻറെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് സജീവപ്രചരണത്തിൽസ് പങ്കെടുത്തത്. ഇതിന്റെ തുടർ നടപടികൾ എന്നോണം വാക്സിനേഷന് വിഷയത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. പ്രവാസികള്‍ക്ക് സഹായകരമാകുന്നതിനായി വാക്സിനേഷന് വാലിഡ് വിസ നിര്‍ബന്ധമാണെന്ന ആവശ്യം ഒഴിവാക്കി ഈയൊരു ഘട്ടത്തില്‍ വിസ കാലാവധി കഴിഞ്ഞുപോയവർക്കും 28 ദിവസമെന്ന നിബദ്ധനയില്‍ വാക്സിനേഷന് സ്ലോറ്റുകള്‍ ലഭിക്കാത്ത പ്രവാസികള്‍ക്കും വാക്സിനേഷന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഷാനവാസ് പാദൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗത്തോടെ ലോകവ്യാപകമായി വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിട്ടത് പ്രവാസികളാണ്. ആര് കൈവിട്ടാലും ഞങ്ങൾക്ക് അവരെ കൈവിടാൻ സാധിക്കില്ല.
പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്ന നിലയില്‍ നിരവധി പ്രവാസികളാണ് കാസര്‍കോട്ട് വാക്സിനേഷന് ബുദ്ധിമുട്ട് നേരിടുന്നത്. കോവിഡ് രണ്ടാം തരംഗത്തിലൂടെ പ്രയാസം നേരിട്ട് അവധിയും താല്‍ക്കാലിക പിരിച്ചുവിടലും മറ്റുമായി നാട്ടില്‍ നിന്നും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നിസ്സഹായരായി ഇരിക്കുകയാണ് പ്രവാസികള്‍.
ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവരും വിസ പുതുക്കാന്‍ കഴിയാത്തവരും നിരവധിയാണ്. വാക്സിനേഷന് ലഭിക്കണമെങ്കില്‍ വാലിഡ് വിസ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍. തുടക്കത്തില്‍ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ലോകവ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും വിവിധ രാജ്യങ്ങള്‍ വിസാ കാലാവധി പുതുക്കാനുള്ള സൗകര്യങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പലവിധ നിയന്ത്രണങ്ങളാണ് അന്തര്‍ദേശീയ-ദേശീയ രംഗങ്ങളില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ നാടുകളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ വാക്സിനേഷന് ലഭിക്കേണ്ടതിനും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായി.
ആയതിനാല്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ അകറ്റുന്നതിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഷാനവാസ് പാദൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് വേണ്ടി കേരളത്തിൽ ആദ്യമായി ഒരു പ്രമേയം അവതരിപ്പിക്കുന്നത് കാസർകോട് ജില്ലാ പഞ്ചായത്താണ്.