ഹൊസങ്കടി ജൂവലറി കവർച്ച നടത്തിയ സംഘ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ് കമ്മിഷണർ. തൊണ്ടിമുതലുകൾ പ്രദർശിപ്പിച്ചു.
മംഗളൂരു: ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് ജൂവലറി കവർച്ച നടത്തിയ സംഘത്തിൽനിന്ന് മംഗളൂരു പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകൾ പ്രദർശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ചനടത്തിയവരെന്ന് കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പോലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാംശങ്കർ എന്നിവർ പറഞ്ഞു. വാഹനത്തിൽ ബണ്ട്വാൾ ഫറാങ്കിപ്പേട്ടിലെ മുഹമ്മദ് ഗൗസ്, സുറത്കലിലെ ഇമ്രാൻ എന്നിവർ ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.
പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവയിൽനിന്ന് 7.50 കിലോ വെള്ളി ആഭരണങ്ങളും 1,90,000 രൂപ, ആഭരണം നിർമിക്കാൻ ഉപയോഗിക്കുന്ന 30 കല്ലുകൾ, വിവിധ കമ്പനികളുടെ വാച്ചുകൾ, ഡി.വി.ആർ., ഇരുമ്പു കത്രിക, മുളകുപൊടി, സ്പ്രേ പെയിന്റ് കൺടെയ്നർ, ഇരുമ്പുകട്ടർ, വ്യാജ നമ്പർപ്ലേറ്റ്, ഇരുമ്പുദണ്ഡ്, ഇലക്ട്രോണിക്സ് ത്രാസ്, സൈറൺ മെഷീൻ, ഗ്യാസ് സിലിൻഡർ, കോടാലി തുടങ്ങിയവ കണ്ടെടുത്തു.
വാടകയ്ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങളാണ് കവര്ച്ചാസംഘത്തിനെ പിടികൂടാൻ സഹായകരമായത്. ഇകഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്കെടുക്കാനെത്തുന്നത്.
ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീര്‍ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വാഹനമെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനംതന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.
ഗൗസിനെ മുഹമ്മദിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.
ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്. എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് മുഹമ്മദിൽ സംശയം ജനിപ്പിച്ചു. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഹമ്മദ് തന്റെ ലാപ്ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ കാർ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ ജിപിഎസ് കൺട്രോൾഡ് ലൈവ് വോയിസ് ട്രാക്കർ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെക്കുറിച്ചുമൊക്കെ കന്നടയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരംമാണ് കേട്ടത്. ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് വിവരം കര്‍ണാടക പോലീസിനെ അറിയിക്കുകയായിരുന്നു. പുലർച്ചെ 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ചാസംഘം രാജധാനി ജ്വല്ലറിയിലുണ്ടായിരുന്നു. കേരള അതിര്‍ത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലര്‍ച്ചെ നാലോടെതന്നെ ഉള്ളാള്‍ പോലീസ് കാര്‍ പിടികൂടുകയും ചെയ്തിരുന്നു. ഗൗസിനും സംഘത്തിനുമെതിരേ പോലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.