പിടിച്ച പാമ്പിനെ കഴുത്തിൽചുറ്റി പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ് യുവാവ് മരിച്ചു
മുംബൈ: ജനവാസമേഖലയിൽനിന്ന് താൻ പിടിച്ച പാമ്പിനെ ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ് യുവാവ് മരിച്ചു. താനെയിലെ മുംബ്രയിൽ സഞ്ജയ് നഗർ പ്രദേശത്തുവെച്ച് പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ് 28കാരനായ മുഹമ്മദ് ഷെയ്ഖ് ആണ് മരിച്ചത്.
പാമ്പിനെ പിടിച്ചശേഷം ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കുകയായിരുന്നു യുവാവ്. അതിനിടയിൽ പാമ്പിനെ സ്വന്തം കഴുത്തിൽ ചുറ്റി ഇയാൾ മാർക്കറ്റിൽ ആളുകൾക്കിടയിലൂടെ നടന്നു. ഈ സമയത്താണ് മുഹമ്മദ് ഷെയ്ഖിനെ പാമ്പ് കടിച്ചത്. മൂന്നുതവണ ഇയാളെ പാമ്പ് കടിച്ചതായി പൊലീസ് പറഞ്ഞു.
പ്രദർശനം തുടരുന്നതിനിടയിൽ ഇയാളുടെ സുഹൃത്തുക്കൾ ദൃശ്യങ്ങൾ കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. അൽപസമയത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയ യുവാവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോേഴക്കും മരിച്ചിരുന്നു. മുംബ്ര പൊലീസ് അപകട മരണത്തിന് കേസെടുത്തു.